കണ്ണൂർ പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്നും ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമസംഭവങ്ങളുടെ തുടർച്ചയായാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ രാത്രി എട്ടരയോടെ പാനൂർ മുക്കിൽപീടികയിൽ വച്ചാണ് മൻസൂറിനും സഹോദരൻ മുഹ്‌സിനും നേരെ ആക്രമണമുണ്ടായത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.