മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ മുംബൈ പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ സച്ചിൻ വസെയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി. മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയുടേതാണ് നടപടി.

മുകേഷ് അംബാനിയുടെ ആഢംബര വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ നിലവിൽ എൻഐഎ കസ്റ്റഡിയിലാണ് സച്ചിൻ വാസെ. ഡാൻസ് ബാറുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാൻ അനിൽ ദേശ്മുഖ് മുംബൈ പൊലീസിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന ആരോപണമാണ് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് ഉന്നയിച്ചത്. ആരോപണത്തിൽ ബോംബെ ഹൈക്കോടതിയാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.