കൊച്ചി: കോവിഡ് വെല്ലുവിളികള്‍ വീണ്ടും ഉയരുമ്പോഴും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ 2021 മാര്‍ച്ച് മാസത്തില്‍ 3,95,037 ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പന നടത്തി. മുന്‍ വര്‍ഷം ഇതേ മാസത്തെ ആഭ്യന്തര വില്‍പന 2,45,716 വാഹനങ്ങളായിരുന്നു. 16,000 വാഹനങ്ങളുടെ കയറ്റുമതി കൂടിയായപ്പോള്‍ മാര്‍ച്ച് മാസത്തെ ആകെ വില്‍പന 4,11,037 ആയി.

2020-21 സാമ്പത്തിക വര്‍ഷം ആകെ 40,73,182 ഇരുചക്ര വാഹനങ്ങളുടെ വില്‍പനയാണ് ഹോണ്ട നടത്തിയത്. ഇതില്‍ 2,07,310 വാഹനങ്ങളുടെ കയറ്റുമതിയും ഉള്‍പ്പെടുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ 31 ശതമാനം വളര്‍ച്ചയാണ് ഹോണ്ട ടു വീലേഴ്‌സ് കൈവരിച്ചത്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഓരോ മൂന്ന് ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് ഹോണ്ട എന്ന നിലയാണ് ഇതിലൂടെ കൈവരിച്ചിട്ടുള്ളത്.

പ്രതിസന്ധികളുടെ കാലത്ത് അതിനെ അതിജീവിച്ചു ഹോണ്ട ടു വീലേഴ്‌സ് മുന്നേറുന്നതാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കാണാനായതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യാദ്‌വേന്ദര്‍ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി.