കൊട്ടിയം(കൊല്ലം) : കോവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തതിനെത്തുടര്‍ന്ന് ക്വാറന്‍റീനില്‍ പോകേണ്ടിവരുന്നത് 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും.

ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124-ാം നമ്ബര്‍ ബൂത്തിലാണ് കോവിഡ് ബാധിതയായ ഇരവിപുരം സെന്‍റ്‌ ജോസഫ് നഗറിലെ താമസക്കാരിയായ 72-കാരി രാവിലെ 11 മണിയോടെ ഭര്‍ത്താവിനൊപ്പം എത്തി വോട്ട് ചെയ്തത്.

ഇവര്‍ക്ക് കഴിഞ്ഞ മാര്‍ച്ച്‌ 28-ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്‍റീനിലായിരുന്നു.

കോവിഡ് ബാധിതര്‍ക്ക് വൈകീട്ട് ആറുമുതല്‍ ഏഴുവരെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നിരിക്കെയാണ് ക്വാറന്‍റീന്‍ ലംഘിച്ചത്തി വോട്ട് ചെയ്തത്. സംഭവം ചൂണ്ടികാട്ടി ആരോഗ്യവകുപ്പ് അധികൃതര്‍ ഇരവിപുരം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ഇവര്‍ വോട്ട് ചെയ്ത് മടങ്ങിയതിനുശേഷം 12.30-ഓടെ വിവരം ആശാ വര്‍ക്കര്‍ റിപ്പോര്‍ട്ട്‌ ചെയ്തപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ പോളിങ്‌ സ്റ്റേഷന്‍ അണുവിമുക്തമാക്കി.