നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന്മാരായ പൃഥ്വിരാജും ആസിഫ് അലിയും. മഷി പുരട്ടിയ വിരലിന്റെ ചിത്രത്തിനൊപ്പം മേക്ക് ഇറ്റ് കൗണ്ട്’ എന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.

കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നും തുടര്‍ച്ച തന്നെ വേണമെന്നും അതിനൊപ്പം മികച്ചത് തന്നെ വേണമെന്നും ആസിഫ് അലി പറഞ്ഞു. യൂത്തിന്റെ പങ്കാളിത്തം എല്ലാ മേഖലയിലും കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടു. ഞാന്‍ ഉള്‍പ്പെടെയുള്ള പുതിയ തലമുറ നമ്മുടെ വോട്ടുകള്‍ കൃത്യമായി വിനിയോഗിക്കണമെന്നും ആസിഫ് അലി പറഞ്ഞു. ഇടുക്കി കുമ്ബന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ആസിഫിന്റെ പ്രതികരണം.

നടന്മാരായ രാജു, ഇന്നസെന്റ്, നീരജ് മാധവ്, സയനോര ഫിലിപ്പ് തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രവചനാതീതമായ തെരഞ്ഞെടുപ്പാണ് ഇതെന്ന് സംവിധായകന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

വോട്ട് ആര്‍ക്കാണെന്നുള്ളത് രഹസ്യമായിരിക്കുമല്ലോയെന്നും അവിടെ ചെല്ലുമ്ബോഴുള്ള മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്യുകയെന്നും നടന്‍ പൃഥ്വിരാജ് പ്രതികരിച്ചു.

ഇത്തവണ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. നമ്മള്‍ മുന്നില്‍ ചില കാര്യങ്ങള്‍ കാണുന്നുണ്ട്. അത് ആരെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന ഒരു ധാരണയുണ്ട്. അതുവെച്ചാണ് വോട്ട് ചെയ്യുന്നത്. പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയൊന്നും ഇല്ല. എന്തൊക്കെ പറഞ്ഞാലും അവിടെ ചെന്ന് വോട്ട് ചെയ്യുമ്ബോള്‍ ഒരു മനസാക്ഷിയുണ്ട്, നമുക്ക് ഒരു വികാരമുണ്ട്. അതനുസരിച്ചാവും എല്ലാവരും വോട്ട് ചെയ്യുക, പൃഥ്വിരാജ് പറഞ്ഞു.

‘നമ്മള്‍ എല്ലാവരിലും ലോകത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശക്തിയുണ്ട്. ഒരു ജനാധിപത്യ സമൂഹത്തില്‍ വോട്ട് ആണ് ഏറ്റവും അക്രമരഹിതമായ ആയുധം.നമ്മള്‍ അത് ഉപയോഗിക്കണം. നമ്മുടെ നാടിന് വേണ്ടി വോട്ട് ചെയ്യുക. ഭാവിയ്ക്ക് വേണ്ടി വോട്ട് ചെയ്യുക’, എന്നാണ് സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

40 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോട്ടര്‍മാരാണ് കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 15000 ത്തോളം അധിക പോളിംഗ് ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.