ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഐപിഎല്‍ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. വൈറസ് ഭീഷണി കൂടുതലുള്ള മുംബൈയെ വേദികളില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് മുംബൈയില്‍ നിന്ന് മത്സരങ്ങള്‍ മാറ്റണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു. ഏപ്രില്‍ 10 മുതല്‍ 25 വരെ പത്ത് മത്സരങ്ങളാണ് മുംബൈയില്‍ നടക്കുക.
അക്‌സര്‍ പട്ടേല്‍ ദേവ്ദത്ത് പടികള്‍ എന്നീ താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ‘ടൂര്‍ണമെന്റിന്റെ മത്സരക്രമങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ല. മുംബൈയില്‍ ഭയപ്പെടാന്‍ ഒന്നുമില്ല. അതീവ ജാഗ്രതയോടെയാണ്‌ സംഘാടകര്‍ കാര്യങ്ങള്‍ നടത്തുന്നത്’. ഗാംഗുലി പറഞ്ഞു. ഡല്‍ഹിക്കും ചെന്നൈയ്ക്കും പുറമെ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ക്കും മുംബൈയില്‍ മത്സരങ്ങളുണ്ട്.