കൊല്ലത്തെ സ്ഥാനാര്‍ത്ഥി കൂടിയായ ഇഎംസിസി ഡയറക്ടര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് കുണ്ടറ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനാര്‍ത്ഥി കൂടിയായ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസാണ് അട്ടിമറിക്ക് ശ്രമിച്ചതെന്നും ഇന്നോവ കാറില്‍ പെട്രോളുമായി എത്തി അയാളെ ആരോ കത്തിക്കുമെന്ന് പറയുകയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. ഇയാളുടെ കാറില്‍ നിന്നും ഇന്ധനം കണ്ടെടുത്തെന്നും ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. അയാളെ ഇടത് പക്ഷം കത്തിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ദിവസം കേരളത്തെ ഇളക്കാനാണ് ശ്രമിച്ചത്. അട്ടിമറി ശ്രമം പരാജയപ്പെട്ടുവെന്നും ഇതിന് പിന്നിലാരെന്ന് പോലിസ് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മന്ത്രിയുടെ വാദം തള്ളിയ പൊലീസ്, ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പോലിസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും പറഞ്ഞു. ഷിജുവിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. ഷിജുവിന്റെ വാഹനത്തില്‍ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂര്‍ പൊലീസ് വ്യക്തമാക്കി.