ഹൂസ്റ്റന്‍: ബാള്‍ട്ടിമോര്‍ കരാര്‍ നിലയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് 15 ദശലക്ഷം ഡോസ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ നശിപ്പിച്ചു. മേയ് മാസത്തിനു മുന്‍പ് കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ നീക്കത്തിനു തിരിച്ചടിയായിരിക്കുകയാണ് ഇത്.

രണ്ട് വ്യത്യസ്ത വാക്സീനുകളില്‍ നിന്നുള്ള ചേരുവകള്‍ ആകസ്മികമായി കലര്‍ത്തിയ നിര്‍മാണ പങ്കാളിയായ എമര്‍ജന്റ് ബയോ സൊല്യൂഷന്‍സിനാണ് പാളിച്ച സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്‌. പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നും സ്‌റ്റോക്കിന്റെ വളരെ കുറച്ചു മാത്രമേ നശിപ്പിക്കപ്പെട്ടിട്ടുള്ളുവെന്നും മുതിര്‍ന്ന ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു.

ബൈഡന്‍ ഭരണകൂടവും ജോണ്‍സണും വാക്‌സീന്‍ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് പ്രശ്‌നം ഉടലെടുത്തത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചു.