തിരുവനന്തപുരം: സ്വര്‍ണ-ഡോളര്‍ കേസുകളിലും കിഫ്ബിയുടെ ഭരണഘടനാവിരുദ്ധ നിലപാടിലും അന്വേഷണത്തെയും നടപടികളേയും തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ സര്‍ക്കാരിനോ ആകില്ലെന്നു കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്.
ഇക്കാര്യത്തില്‍ രാഷ്ട്രീയം പറയുകയും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷല്‍ അന്വേഷണ പ്രഖ്യാപനം നടത്തുകയും സിഎജിയെ ആക്രമിക്കുകയുമൊക്കെയാകാം. സ്വര്‍ണക്കടത്തിലും ഡോളര്കേസിലും പ്രഥമദൃഷ്ട്യാ തെളിവുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് പിടിയിലായത്. എന്നിട്ടും മുഖ്യമന്ത്രിക്കെതിരേ ചോദ്യം ചോദിച്ചുവെന്നു പറഞ്ഞാണ് കേന്ദ്രഏജന്സികള്ക്കെതിരേ ജുഡീഷല്‍ അന്വേഷണത്തിന് തീരുമാനമെടുത്തത്. ഇതുകൊണ്ട് കേസ് ഇല്ലാതാക്കാന്‍ കഴിയുമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. കിഫ്ബി മസാലബോണ്ട് വാങ്ങുന്നത് ആര്‍ബിഐയെ അറിയിച്ചിട്ടാണെന്ന് അറിയാത്തവരാണോ ഇവിടെയുള്ളത്. ഇത്തരം വാചകക്കസര്‍ത്തുകള്‍ കൊണ്ട് മന്ത്രി തോമസ് ഐസക്കിന് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാം. എന്നാല്‍ കിഫ്ബിക്കെതിരായ നടപടികളില്‍ നിന്ന് രക്ഷപ്പെടാനാവില്ല. കാരണം അതു നിയമത്തിന്റെ പ്രശ്നങ്ങളാണ്.പെട്രോള്‍ വിലക്കയറ്റം കേന്ദ്രം മാത്രം സൃഷ്ടിക്കുന്നതാണെന്ന പ്രചാരണം തെറ്റാണ്. പെട്രോളിന് കൃത്യമായ കേന്ദ്രനികുതിയുണ്ട്. സംസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന നികുതിയുമുണ്ട്. ഇതും കേന്ദ്രനികുതിയുടെ വിഹിതവും സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നുണ്ട്. വിലകുറയ്ക്കണമെങ്കില് കേന്ദ്രവും സംസ്ഥാനങ്ങളും വിചാരിക്കണം. അതിന് തയാറുണ്ടോയെന്നതാണ് പ്രശ്നം.
കേന്ദ്രപദ്ധതികള്‍ പേരുമാറ്റിയും ലക്ഷ്യങ്ങള്‍ മാറ്റിയും നടപ്പാക്കിയെന്നുവരുത്തി ആര്‍ക്കും പ്രയോജനം കിട്ടാതെ പാഴാക്കുന്ന സമീപനമാണ് ഇവിടെയുള്ളത്. അതു ജനവിരുദ്ധമാണ്. എന്തെല്ലാം വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് പറഞ്ഞാലും ഇടതുമുന്നണിയുടെ ഒരു ബി ടീം മാത്രമാണ് അവര്‍. കൃഷി, മത്സ്യബന്ധനം, ആയുര്‍വേദം, ടൂറിസം തുടങ്ങിയ മേഖലകളില്‍ എന്‍ഡിഎ നിര്‍ണായക വികസനമുണ്ടാക്കും. സംസ്ഥാനത്തിന് എയിംസ് ലഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.