തിരുവനന്തപുരം ∙ 15–ാം കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. കലാശക്കൊട്ട് വിലക്കിയതിനാല്‍ റോഡ് ഷോകളുമായി നേതാക്കള്‍ രംഗത്തെത്തി. അവസാന നിമിഷങ്ങളില്‍ പ്രചാരണത്തില്‍ നിറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. മാവോയിസ്റ്റ് ഭീഷണിയുള്ള മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകിട്ട് ആറിനു പരസ്യപ്രചരണം അവസാനിച്ചു.

ധര്‍മടത്തും തലശ്ശേരിയിലും റോഡ് ഷോ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന മണിക്കൂറില്‍ എല്‍ഡിഎഫ് പ്രചാരണത്തെ ആവേശക്കൊടുമുടിയിലാക്കി. രാഹുല്‍ ഗാന്ധി നേമത്തും കോഴിക്കോടും റോഡ് ഷോയില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പീരുമേട് മണ്ഡലത്തിലും എന്‍ഡിഎയ്ക്കായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നെടുമങ്ങാടും റോഡ് ഷോ നടത്തി. വോട്ടെടുപ്പിന് ഇനി ഒരുദിവസം മാത്രമേയുള്ളൂ. പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണു സ്ഥാനാർഥികളും പാർട്ടികളും. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച രാവിലെ തുടങ്ങും.

വോട്ടർപട്ടികയിൽ 2,74,46,039 പേർ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. 140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീ വോട്ടർമാരും 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇവരിൽ പ്രവാസി വോട്ടർമാരായ 87318 പുരുഷൻമാരും 6086 സ്ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടും.


Special promo
 

നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികൾ. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായിരുന്ന 19ന് 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു.