കോട്ടയം ∙ പ്രശസ്ത സിനിമാ– നാടക പ്രവർത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രൻ (69) അന്തരിച്ചു. തിരക്കഥാകൃത്ത്, നാടക– സിനിമാ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് വലിയൊരു ശിഷ്യ സമൂഹമുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർ‍ഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ‘ ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനനം. അച്‌ഛൻ പരേതനായ പത്മനാഭപിള്ള. അമ്മ സരസ്വതിഭായി. ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കൊല്ലം കർമലറാണി ട്രെയിനിങ് കോളേജ്, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ പഠനം. കുറച്ചുകാലം സ്‌കൂൾ ഓഫ് ഡ്രാമയിലെ ഗസ്‌റ്റ് ലക്‌ചററായി പ്രവർത്തിച്ചു. പിന്നീട് എം.ജി യൂണിവേഴ്‌സിറ്റി സ്കൂൾ ഒാഫ് ലെറ്റേഴ്സിൽ അധ്യാപകനായി. 2012ൽ വിരമിച്ചു. വിദ്യാർഥികളും സഹപ്രവർത്തകരും സ്നേഹപൂർവം ബാലേട്ടൻ എന്നാണ് വിളിച്ചിരുന്നത്.

സ്കൂൾകാലത്തുതന്നെ അധ്യാപകർക്കൊപ്പം നാടകങ്ങളിലഭിനയിച്ചിരുന്നു. ഡിബി കോളജിൽ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ആദ്യ നാടകമെഴുതിയത്. സ്കൂൾ ഓഫ് ഡ്രാമയിൽ സംവിധാനം പഠിക്കുന്ന കാലത്താണ് നാടകമെന്ന മാധ്യമത്തിന്റെ സാധ്യതകൾ പൂർണമായി തെളിഞ്ഞുകിട്ടിയതെന്ന് ബാലചന്ദ്രൻ പറഞ്ഞിട്ടുണ്ട്. മലയാള നാടകവേദിയുടെ ചരിത്രത്തോടൊപ്പം ചേർന്ന പേരാണ് ബാലചന്ദ്രന്റേത്. മകുടി, പാവം ഉസ്മാൻ, മായാസീതാങ്കം, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

സിനിമയ്ക്കു തിരക്കഥയെഴുതാൻ നടത്തിയ ആദ്യ ശ്രമങ്ങൾ വിജയിച്ചില്ല. 1991 ൽ മോഹൻലാൽ ചിത്രമായ അങ്കിൾബണ്ണിനു തിരക്കഥയെഴുതിയാണ് സജീവ സിനിമാജീവിതത്തിനു തുടക്കമിട്ടത്. പിന്നാലെ ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, അഗ്നിദേവൻ, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥയൊരുക്കി. 2019 ൽ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയനാണ് അവസാനം തിരക്കഥയെഴുതി പുറത്തിറങ്ങിയ ചിത്രം. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ഇവൻ മേഘരൂപൻ എന്ന ചിത്രം. അന്നയും റസൂലും, ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ, ഹോട്ടൽ കാലിഫോർണിയ, ഇമ്മാനുവൽ, ചാർളി, കമ്മട്ടിപ്പാടം തുടങ്ങി നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

1989 ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പാവം ഉസ്മാൻ), 1989ൽ കേരള സംസ്ഥാന പ്രഫഷനൽ നാടക അവാർഡ് (പ്രതിരൂപങ്ങൾ), 1999 ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് (തിരക്കഥ –പുനരധിവാസം), മികച്ച നാടക രചനയ്ക്കുള്ള 2009 ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു.

ഭാര്യ: വൈക്കം നഗരസഭ മുൻ അധ്യക്ഷ ശ്രീലത ചന്ദ്രൻ. മക്കൾ: ശ്രീകാന്ത്‌ ചന്ദ്രൻ, പാർവതി ചന്ദ്രൻ.