കാര്‍ത്തിയുടെ പുതിയ സിനിമയായ സുല്‍ത്താന്‍ പ്രദര്‍ശനത്തിനെത്തി. ‘റെമോ’ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താനിലെ നായിക ‘ഗീത ഗോവിന്ദം’ ഫെയിം രശ്മികാ മന്ദാണയാണ്. ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സുല്‍ത്താന്‍.

ദക്ഷിണേന്ത്യന്‍ സിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ അണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ യോഗി ബാബു, ലാല്‍, ഹരീഷ് പേരടി, നെപ്പോളിയന്‍ ‘കെജിഎഫ്’ എന്ന സിനിമിലൂടെ വില്ലനായി എത്തിയ റാം എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ ചിമ്ബു, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ പാടിയ സുല്‍ത്താനിലെ ഗാനങ്ങള്‍ക്കും, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിനും ആരാധകരില്‍ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്.

ട്രെയിലര്‍ ഇരുപത്തി നാലു മണിക്കൂര്‍ കൊണ്ട് മൂന്നു മില്യണ്‍ കാഴ്ചക്കാരെ നേടി ട്രെന്‍ഡിങ്ങായി ജൈത്ര യാത്ര തുടര്‍ന്നുകൊണ്ടിരിക്കയാണ്. വിവേക്-മെര്‍വിന്‍ ഇരട്ടകളാണ് സംഗീത സംവിധാനം. ഡ്രീം വാരിയര്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ നിര്‍മ്മിച്ച ‘സുല്‍ത്താന്‍’ ഫോര്‍ച്യുണ്‍ സിനിമാസാണ് കേരളത്തില്‍ റീലീസ് ചെയ്യുന്നത്.