കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഇടിയപ്പം. രാവിലെയും വൈകുന്നേരവും ചായയുടെ കൂടെ ഇടിയപ്പം കഴിക്കാവുന്നതാണ്. സാധാരണയായി അരിപ്പൊടി കൊണ്ടാണ് ഇടിയപ്പം തയ്യാറാക്കുന്നത്. തൂവെളള നിറത്തിലുളള സ്വാദിഷ്ടമായ ഒരു പലഹാരമാണ് ഇടിയപ്പം. എന്നാല്‍ സ്വാദിനോടൊപ്പം കുറച്ച്‌ ആരോഗ്യം കൂടി ചേര്‍ന്നാലോ. അതേ മുരിങ്ങയില ചേര്‍ത്ത ഇടിയിപ്പം എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം. അതിനായി മുരിങ്ങയില നന്നായി കഴുകിയ ശേഷം വെളളത്തിലിട്ട് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം കുഴമ്ബ് രൂപത്തില്‍ മിക്‌സിയില്‍ അരച്ചെടുക്കുക. പിന്നീട് വെള്ളം തിളപ്പിച്ച്‌ അതിലേക്ക് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് കൊടുക്കുക.

പിന്നീട് വെള്ളം നന്നായി തിളച്ചു വരുമ്ബോള്‍ അതിലേക്ക് ആവശ്യത്തിന് അരിപ്പൊടി ഇട്ടു കൊടുക്കുക. പിന്നീട് തീ ഓഫ് ചെയ്ത ശേഷം അരിപ്പൊടി നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്ന മുരിങ്ങയിലയും ചേര്‍ത്തു കൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം സേവനാഴിയില്‍ മാവിട്ട് ഇഡ്ഡലി തട്ടില്‍ എണ്ണ തൂവി അതിലേക്ക് നന്നായി തിരിച്ചു കൊടുക്കുക. അതിനു മുകളില്‍ നാളികേരം കൂടി ഇട്ടു കൊടുക്കണം. പിന്നീട് മൂടി വെച്ച്‌ ആവിയില്‍ വേവിക്കുക. പത്ത് മിനിറ്റിനകം തന്നെ സ്വാദിഷ്ടമായ മുരിങ്ങയില ഇടിയപ്പം തയ്യാര്‍.

കാഴ്ചയില്‍ വ്യത്യസ്തവും ഒപ്പം ആരോഗ്യകരവുമായ ഒരു പലഹാരമാണിത്. ഈ ഇടിയപ്പത്തിന്റെ കൂടെ കറികള്‍ ഒന്നും തന്നെ വേണ്ട. ഇളം ചൂടോടെ തേങ്ങാപ്പാല്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇലക്കറികള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇത് നേരിട്ട് കഴിക്കാന്‍ കുട്ടികള്‍ക്ക് പൊതുവേ മടിയാണ് . ഇത്തരത്തില്‍ മുരിങ്ങയില ചേര്‍ത്ത് ഇടിയപ്പം ഉണ്ടാക്കി കൊടുക്കുകയാണെങ്കില്‍ കുട്ടികള്‍ കഴിക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. മുരിങ്ങയിലയില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.