മലയാളികളുടെ യാത്രാ ഓര്‍മ്മകളില്‍ ഏറ്റവുമധികം കടന്നുവന്നിട്ടുള്ള ഇടമാണ് കൊടൈക്കനാല്‍. ഊട്ടി കഴിഞ്ഞാല്‍ തമിഴ്നാട്ടിലെത്തുന്ന സഞ്ചാരികളുടെ പ്രിയ യാത്രാ സ്ഥാനം കൂടിയാണ് കൊടൈക്കനാല്‍. മഞ്ഞും കുളിരും കോടമഞ്ഞും അടിപൊളി കാഴ്ചകളും തേടി ഇവിടെ എത്തുമ്ബോള്‍ സ്ഥിരം കണ്ടു മടങ്ങുന്ന കുറേയധികം സ്ഥലങ്ങളും ഉണ്ട്.

കൊടൈക്കനാലിന്റെ ഹൃദയം എന്നുതന്നെ വിശേഷിപ്പിക്കുവാന്‍ പറ്റുന്ന, നക്ഷത്രാകൃതിയിലുള്ള കൊടൈക്കനാല്‍ തടാകവും കരടികള്‍ വെള്ളം കുടിക്കുവാനായി വന്നിരുന്ന ബിയര്‍ ഷോലെ വെള്ളച്ചാട്ടവും കാടിനകത്തുള്ള ബെരിജന്‍ തടാകവും കോക്കേഴ്സ് വാക്കും ബ്രയാന്‍റ് പാര്‍ക്കും പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമൊക്കെ ഉപയോഗപ്പെടുത്താവുന്ന ബൈസന്‍ വെല്‍സും ഗ്രീന്‍വാലി അഥവാ സൂയിസൈഡ് പോയിന്‍റും അതില്‍ പ്രധാനപ്പെട്ടതാണ്. കുറച്ചുകൂടി യാത്ര ചെയ്താല്‍ എത്തിച്ചേരുന്ന കുറിഞ്ഞി ആണ്ടവാര്‍ ക്ഷേത്രവും കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നായ പില്ലര്‍ റോക്സും ഡോള്‍ഫിന്‍സ് നോസും കൊടൈക്കനാല്‍ യാത്രയില്‍ തീര്‍ച്ചയായും കയറിവരുന്ന സ്ഥലങ്ങളാണ്.

എന്നാല്‍ ഈ ലിസ്റ്റലൊന്നും ഉള്‍പ്പെടാതെ നില്‍ക്കുന്ന വേറെയും ഇടങ്ങള്‍ കൊടൈക്കനാലില്‍ ഉണ്ട്. ചിലപ്പോള്‍ യഥാര്‍ത്ഥ കൊടൈക്കനാല്‍ കാഴ്ചകളേക്കാള്‍ ഭംഗിയുള്ള കാഴ്ചകള്‍ നല്കുന്ന ഇടങ്ങള്‍. അതിലൊന്നാണ് പൊലൂര്‍. വളരെ കുറച്ചുനാള്‍ മുന്‍പ് മാത്രം കൊടൈക്കനാല്‍ സഞ്ചാരികളുടെ ലിസ്റ്റിലേക്ക് കയറിവന്ന പൊലൂര്‍ എന്ന മനോഹരമായ നാട്!!

പൊലൂരിലെത്തുവാന്‍ നാല്പതിലധികം കിലോമീറ്റര്‍ കൊടൈക്കാലില്‍ നിന്നും സഞ്ചരിക്കണമെങ്കിലും ഇവിടെ എത്തിയാല്‍ ആ യാത്രയ്ക്കു ഗുണമുണ്ട് എന്നുതന്നെ മനസ്സിലാക്കാം. സമുദ്രനിരപ്പില്‍ നിന്നും 6150 അടി ഉയരത്തില്‍ പച്ചപ്പും മഞ്ഞുമായി കിടക്കുന്ന ഇവിടം അധികമാരും അങ്ങനെയൊന്നും എത്തിച്ചേരാത്ത സ്ഥലമാണ്. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് മഞ്ഞില്‍ കുളിച്ച്‌ പകരംവയ്ക്കുവാനാവാത്ത കാഴ്ചകളുമായി സ്ഥിതി ചെയ്യുന്ന പൊലൂര്‍ സഞ്ചാരികള്‍ തേടിയെത്തുവാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായിട്ടില്ല. പ്രകൃതിയോട് ചേര്‍ന്നു നില്ക്കുന്ന അന്തരീക്ഷവും മലിനമാകാത്ത മണ്ണും കാലാവസ്ഥയും തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൊടൈക്കനാലിന്റെ തിരക്കുകളില്‍ നിന്നും മാറി ശാന്തത തേടിയുള്ള യാത്രയാണെങ്കില്‍ ഇവിടം തിരഞ്ഞെടുക്കാം…!!