ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ഡ് റെയില്‍വേ ടെര്‍മിനല്‍ ബെംഗളുരുവില്‍ ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ തുറന്നുകൊടുക്കുന്ന ടെര്‍മിനലിന്റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ പുറത്തുവിട്ടു. നഗരത്തിലെ ബയപ്പനഹള്ളി പ്രദേശത്തെ റെയില്‍വെ ടെര്‍മിനല്‍ ഭാരത്‌രത്‌ന എം വിശ്വശരയ്യയുടെ പേരിലാകും അറിയപ്പെടുക. 4,200 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ 314 കോടി രൂപ ചെലവഴിച്ച്‌ നിര്‍മിച്ച കെട്ടിടത്തില്‍ 50,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. രണ്ട് സബ് വേകളോടൊപ്പം എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവര്‍ബ്രിഡ്ജുമുണ്ട്.

ടെര്‍മിനലില്‍ എട്ട് ലൈനുകളാണുള്ളത്. ഏഴു പ്ലാറ്റ്‌ഫോമുകളും. എല്ലാദിവസവും 50 ട്രെയിനുകള്‍ വന്നുപോകാന്‍ സൗകര്യമുള്ളതാണ് ടെര്‍മിനല്‍. എസ്‌കലേറ്ററുകളും ലിഫ്റ്റുകളും എല്ലാ പ്ലാറ്റ്‌ഫോമുകളിലുമുണ്ട്. ബെംഗളുരു വിമാനത്താവളത്തിന്റെ മാതൃകയില്‍ രൂപകല്പനചെയ്ത ടെര്‍മിനലില്‍ ഉയര്‍ന്ന ക്ലാസ് കാത്തിരുപ്പുകേന്ദ്രം, ഡിജിറ്റല്‍ തത്സമയ പാസഞ്ചര്‍ ഇന്‍ഫോര്‍മേഷനുള്ള വിഐപി ലോഞ്ച്, ആഡംഭര ഫുഡ് കോര്‍ട്ട് എന്നിവയുമുണ്ട്. സ്‌റ്റേഷനില്‍ ഒരുക്കിയിട്ടുള്ള പാര്‍ക്കിങ് സ്ഥലത്ത് 250 കാറുകള്‍, 900 ഇരുചക്രവാഹനങ്ങള്‍, 50 ഓട്ടോറിക്ഷകള്‍ എന്നിവ പാര്‍ക്ക്‌ചെയ്യാനുള്ള സൗകര്യവുമുണ്ട്.