മൈഗ്രേന്‍ തലവേദനയുടെ കാരണം കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ട്, അത്തരം തലവേദനകള്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കില്ലെന്ന് കരുതരുത്. വ്യക്തമായ കാരണങ്ങളും തലവേദനകളുടെ വിഭാഗങ്ങളും മനസിലാക്കുന്നതിന് ആയുര്‍വേദശാസ്ത്രത്തില്‍ കൃത്യമായ സൂചനകളുണ്ട്. അതുകൊണ്ടുതന്നെ,​ മറ്റേത് തലവേദനയേയും പോലെ എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന തലവേദനയാണ് മൈഗ്രേയ്ന്‍. എന്നാല്‍,​ പരസ്യങ്ങളിലും അമിതവാഗ്ദാനങ്ങളിലും വീണുപോകാതെ ശരിയായ ആയുര്‍വേദ ചികിത്സയാണ്‌ ചെയ്യേണ്ടതെന്നുമാത്രം.
ചൂടു കൊടുത്ത് വിയര്‍പ്പിക്കുക, മൂക്കില്‍ മരുന്ന് ഇറ്റിക്കുക, മൂക്കില്‍ ഔഷധപുക ഏല്‍പ്പിക്കുക, വയറിളക്കുക, തലയില്‍ മരുന്ന് അരച്ചുപുരട്ടുക, തല തുണിവച്ച്‌ കെട്ടി വയ്ക്കുക, മരുന്നുകൊടുത്ത് ഛര്‍ദ്ദിപ്പിക്കുക, തലയില്‍ എണ്ണ തുടങ്ങിയ മരുന്നുകള്‍ തളം ഇട്ട് നിര്‍ത്തുക, ശിരോവസ്തി, രക്തമോക്ഷം, പൊള്ളിക്കുക,നെയ്യ് സേവിക്കുക,ചുവന്ന അരി,നവരയരി, പാല്‍, മാംസം, മുരിങ്ങയില, മുന്തിരിങ്ങ, ചീര, പാവയ്ക്ക, മാങ്ങ, നെല്ലിക്ക, മാതളം, മാതളനാരങ്ങ, നാരങ്ങ, മോര്,കരിക്കിന്‍ വെള്ളം എന്നിവകൂടി ശിരോരോഗമുള്ളവര്‍ ഉപയോഗിക്കണമെന്ന് ആയുര്‍വേദത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളുണ്ട്.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുകയും, രാത്രിയില്‍ നെയ്യ് സേവിച്ചു പുറമേ ചൂടുപാല്‍ കുടിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും. നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ ഉഴുന്നോ മുതിരയോ ചെറുപയറോ രാത്രിയില്‍ കഴിച്ച്‌ പുറമേ ചൂടുള്ള പാല്‍ കുടിക്കുന്നതും ഗുണം ചെയ്യും.
ഗോതമ്ബ് കൊണ്ടുള്ള പലഹാരങ്ങള്‍ നെയ്യില്‍ പാകപ്പെടുത്തിയതും ചെറുപയര്‍പരിപ്പ് കഴിക്കുകയും ചൂടുപാല്‍ കുടിക്കുകയും ചെയ്യുന്നത് നല്ലതാണ്. നാരായണതൈലം,മാഷതൈലം,പ്രസാരണി തൈലം എന്നിവ തലയില്‍ തേക്കുന്നത് പ്രയോജനം ചെയ്യും. തലയിലും ദേഹത്തും ബലാതൈലം തേയ്ക്കുന്നത് നല്ലതു തന്നെ. ഭക്ഷണത്തോടൊപ്പം കറിവച്ച മാംസമോ, കാച്ചിയ പാലോ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
അര്‍ദ്ധാവഭേദക രോഗത്തെ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ കണ്ണ്, ചെവി എന്നിവയില്‍ ഒന്നിന്റെയെങ്കിലും പ്രവര്‍ത്തനം നഷ്ടപ്പെടുന്നതിന് ഇടയാകുമെന്ന് ആചാര്യന്മാര്‍ സൂചന നല്‍കുന്നു.
പലപ്പോഴും മറ്റു ചികിത്സകള്‍ ചെയ്തു തളര്‍ന്ന പലരും തലയ്ക്കുള്ള എണ്ണ മാറ്റിയാല്‍ മൈഗ്രേന്‍ എന്നെന്നേക്കുമായി മാറുമെന്ന അമിത വിശ്വാസത്തിലാണ് ആയുര്‍വേദ ഡോക്ടറെ സമീപിക്കുന്നത്. എന്നാല്‍ ഔഷധങ്ങളുപയോഗിച്ച്‌ ഛര്‍ദ്ദിക്കുകയും, വയറിളക്കുകയും, മൂക്കില്‍ മരുന്ന് ഇറ്റിക്കുകയും ചെയ്യുകയാണ് അര്‍ദ്ധാവഭേദകം ശമിപ്പിക്കുന്നതിനുള്ള പ്രധാന ചികിത്സകളായി ആയുര്‍വേദം പറയുന്നത്. കൂടാതെ കഷായവസ്തി, സ്നേഹവസ്തി എന്നിവയും ചെയ്യാനും നിര്‍ദ്ദേശമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പഞ്ചകര്‍മ്മ ചികിത്സയില്‍പ്പെടുന്ന 5 ചികിത്സകളും ചെയ്തു മാത്രമേ അര്‍ദ്ധാവഭേദകം ശമിപ്പിക്കുന്നതിന് സാധിക്കുകയുള്ളൂ.
എന്നാല്‍,​ പഞ്ചകര്‍മ്മചികിത്സകളുള്‍പ്പെടെ ചെയ്ത് പൂര്‍ണ്ണമായും ശമിപ്പിക്കാവുന്ന ഒരു രോഗമാണ് മൈഗ്രേന്‍ എന്ന കാര്യത്തില്‍ സംശയമില്ല. വീര്യമേറിയ മരുന്നുകളും വേദനാസംഹാരികളും ഒഴിവാക്കാനും ആയുര്‍വേദ ചികിത്സ കൊണ്ട് സാധിക്കും.