തിരുവനന്തപുരം: സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്‌സിനാണ് എത്തിയത്.

തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്‌സിനുകളുമാണ് എത്തിയത്. ഇതുകൂടാതെ കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സാധ്യമാകും.

സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം നേരിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് പുതിയ ഡോസ് വാക്സിനുകള്‍ എത്തിയിരിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമം കുത്തിവയ്പ് പ്രക്രിയയെ ബാധിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിന്‍ വിതരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ ബാച്ച്‌ വാക്സിന്‍ ഉടന്‍ എത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് പലയിടത്തും ഇന്ന് മുതല്‍ വാക്സിനേഷന്‍ പൂര്‍ണമായി മുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്.

കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കുത്തിവയ്പുകളുടെ എണ്ണം കുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മാത്രം വാക്‌സിനേഷന്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേര് പറഞ്ഞ് നിരവധിയാളുകളാണ് അനധികൃതമായി വാക്‌സിന്‍ സ്വീകരിക്കുന്നത്.