കൊല്‍ക്കത്ത: മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് അഞ്ച് സിറ്റിങ് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സിംഗൂര്‍ എംഎല്‍എ രബീന്ദ്രനാഥ് ഭട്ടാചാര്യ, സോനാലി ഗഹ, ദീപേന്ദു ബിശ്വാസ്, ജത്തു ലാഹിരി, ശീതള്‍ സര്‍ദാര്‍ എന്നിവരാണു പാര്‍ട്ടി വിട്ടത്.

തൃണമൂല്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ടായിരുന്ന സരള മുര്‍മുവും (ഹബീബ്പുര്‍) ബിജെപിയിലെത്തി. ആദ്യ പട്ടികയിലുണ്ടായിരുന്ന സരള മുര്‍മുവിനെ ആരോഗ്യ കാരണങ്ങളാല്‍ മാറ്റിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിടുമെന്നു കണ്ടാണു മാറ്റമെന്ന് ഇപ്പോള്‍ വ്യക്തമായി. ഇവര്‍ക്കു മാല്‍ഡയില്‍ മത്സരിക്കാനായിരുന്നു താല്‍പര്യമെങ്കിലും സീറ്റ് കിട്ടിയത് ഹബീബ്പുരിലാണ്. ഇതോടെയാണ് ഇവര്‍ ബിജെപിയിലേക്ക് ചേക്കേറിയത്.

തൃണമൂല്‍ വിട്ടവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും നന്ദിഗ്രാമില്‍ മമത ബാനര്‍ജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയും മറ്റും ചേര്‍ന്നു സ്വീകരിച്ചു. ഇവര്‍ പാര്‍ട്ടി വിടുമെന്നു സംശയമുള്ളതിനാലാണു സ്ഥാനാര്‍ത്ഥിയാക്കാഞ്ഞതെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്. മൂന്നാം തവണയും അധികാരം നേടാനുള്ള തൃണമൂലിന്റെയും മമതയുടെയും ശ്രമങ്ങള്‍ക്കു വലിയ തിരിച്ചടിയായാണ് സീറ്റ് കിട്ടാത്ത നേതാക്കളുടെ കൂടുമാറ്റം തുടരുന്നത്.