ബൈക്ക് അപകടത്തിന് ആത്മവിശ്വാസത്തെ തകര്‍ക്കാനായില്ല. സംസ്ഥാന എയര്‍റൈഫില്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഷൂട്ടിംഗ് താരം അഖില്‍ എസ്. സാം മന്ത്രി ഇ.പി. ജയരാജനെ ഓഫീസിലെത്തി സന്ദര്‍ശിച്ചു. ശാരീരിക പരിമിതികള്‍ക്കിടയിലും ഷൂട്ടിങ്ങില്‍ മുന്നേറുന്നതിനായി സ്പോര്‍ട്സ് വീല്‍ചെയര്‍ വാങ്ങാന്‍ അഖിലിന് കായിക വകുപ്പ് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിലുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നതിനായാണ് അഖില്‍ നേരിട്ട് മന്ത്രിയുടെ ഓഫിസില്‍ എത്തിയത്.

2016 ല്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് അഖിലിന്റെ ജീവിതം തന്നെ മാറ്റിമറിച്ച് ബൈക്ക് അപകടം ഉണ്ടാകുന്നത്. മാനസികമായും തകര്‍ന്ന ഘട്ടത്തില്‍ ഷൂട്ടിങ്ങില്‍ പുതിയ സ്വപ്നങ്ങള്‍ അഖില്‍ നെയ്യുകയായിരുന്നു. കടുത്ത നിരാശ ബാധിച്ച് ജീവിതം പ്രതിസന്ധിയിലായിപ്പോയേക്കാവുന്ന ദിനങ്ങളിലാണ് ആത്മവിശ്വാസത്തോടെ ജീവിതത്തിന് പുതിയ നിറം നല്‍കാന്‍ അഖിലിനായത്.

പുതുതലമുറയ്ക്ക് സ്വന്തം ജീവിതത്തിലൂടെ അതിജീവനപാഠം പകരുകയാണ് ഈ മിടുക്കന്‍. കായിക വകുപ്പ് നല്‍കിയ തുക ഉപയോഗിച്ച് സ്പോര്‍ട്സ് വീല്‍ചെയര്‍ വാങ്ങുന്നതോടെ ഷൂട്ടിങ്ങില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അഖിലിനാകും.