സിപിഐഎം സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് പിന്നാലെ പലയിടത്തും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. രഹസ്യമായും പോസ്റ്റര്‍ യുദ്ധങ്ങളായും മുന്നോട്ട്‌പോയിരുന്ന പ്രതിഷേധം പരസ്യ പ്രകടനമായി പുറത്തുവന്നത് മലപ്പുറം പൊന്നാനിയിലായിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രണ്ടുതവണ സ്ഥാനാര്‍ത്ഥിയായി വിജയിച്ച് കൂടെകൂട്ടിയ മണ്ഡലമാണ് പൊന്നാനി. എന്നാല്‍ രണ്ടു ടേം മാനദണ്ഡത്തെ തുടര്‍ന്ന് ഇത്തവണ പി. ശ്രീരാമകൃഷ്ണന്‍ മത്സരിക്കില്ല. ഇതോടെയാണ് മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ മുന്‍ പൊന്നാനി ഏരിയാ സെക്രട്ടറിയും ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.എം.സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് സാധ്യതാ പട്ടികയില്‍ സിദ്ദീഖിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

നന്ദകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരേ ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉണ്ടായങ്കിലും ഒടുവില്‍ നിര്‍ദ്ദേശം അംഗീകരിച്ചു. ഇതിനിടെ പൊന്നാനിയില്‍ വിഭാഗീയ സ്വരങ്ങളുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ പ്രതിഷേധങ്ങളാണ് ഇപ്പോള്‍ പരസ്യ പ്രകടനത്തിലേക്ക് എത്തിയിരിക്കുന്നത്.

‘ നേതാക്കളെ പാര്‍ട്ടി തിരുത്തും പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനറുമായാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നത്.

ജനകീയ നേതാവായ ടി.എം. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ അടക്കം ഇത്തരത്തിലൊരു പ്രചാരണം നടക്കുന്നുണ്ട്.