കൊച്ചി: എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നേരിട്ടു കൊണ്ട് തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ വനിതകളുടെ ജീവിത യാത്രകള്‍ ആഘോഷിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സപ്നോം കി ആസാദി എന്ന പ്രചാരണ പരിപാടിയുടെ രണ്ടാം പതിപ്പിന് മുന്‍നിര ഡയറക്ട് മാര്‍ക്കറ്റിങ് കമ്പനിയായ മോഡി കെയറും മിര്‍ച്ചിയും തുടക്കം കുറിച്ചു. മാര്‍ച്ച് മൂന്നിന് ആരംഭിച്ച പരിപാടി 11 നഗരങ്ങളില്‍ പത്തു ദിവസത്തേക്ക് റേഡിയോ വഴിയും ഡിജിറ്റലായും തുടരും.

വനിതകളുടെ മുന്നേറ്റത്തെ തടയുന്ന നിരവധി നിയന്ത്രണങ്ങളാണ് ഇന്നീ ലോകത്തുള്ളത്. ഇവയെ എതിര്‍ത്തു കൊണ്ട് തങ്ങളുടെ വിജയഗാഥ നയിക്കുവാന്‍ തീരുമാനിച്ച വനിതകളെ അന്താരാഷ്ട്ര വനിതാ ദിനത്തിന് അനുബന്ധമായി പ്രോല്‍സാഹിപ്പിക്കുവാനും ആദരിക്കുവാനുമാണ് മോഡികെയറും മിര്‍ച്ചിയും ചേര്‍ന്ന് സപ്നോം കി ആസാദി അവതരിപ്പിക്കുന്നത്. ഇതു തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മോഡി കെയറും മിര്‍ച്ചിയും ചേര്‍ന്ന് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്.

വനിതകള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാവും വിധം തുല്യ അവസരങ്ങള്‍ നല്‍കുന്ന പശ്ചാത്തലങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് മോഡി കെയര്‍ എപ്പോഴും വിശ്വസിക്കുന്നതെന്ന് മോഡി കെയര്‍ മാനേജിങ് ഡയറക്ടര്‍ സമീര്‍ മോഡി പറഞ്ഞു. മൂന്നു ലക്ഷത്തോളം കണ്‍സള്‍ട്ടന്‍റുമാരാണ് ഓരോ വര്‍ഷവും തങ്ങളോടു ചേരുന്നതെന്നും അതില്‍ 60 ശതമാനവും വനിതകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വനിതകള്‍ക്കു ജോലി ചെയ്യാന്‍ മികച്ച 50 തൊഴിലിടങ്ങളില്‍ ഒന്നായി മോഡി കെയറിനേയും തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനിതകള്‍ക്കായി പ്രത്യേകം മാറ്റി വെക്കുന്ന ഒരു മണിക്കൂറില്‍ ഗായികമാരുടെ ഏറ്റവും പ്രസിദ്ധമായ ഗാനങ്ങള്‍ മിര്‍ച്ചി റേഡിയോ സ്റ്റേഷനുകളിലൂടെ പ്രക്ഷേപണം ചെയ്യും. സപ്നോംകി ആസാദി പ്രചാരണ പരിപാടിയിലൂടെ ആസ്വാദനവും പ്രചോദനവും ഒരുമിച്ചു സാധ്യമാകുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് മിര്‍ച്ചി സീനിയര്‍ ബിസിനസ് ഡയറക്ടര്‍ ഷിവന്‍ഗിനി ജജോറിയ പറഞ്ഞു