ന്യൂഡല്‍ഹി : പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്ന് ഉത്തരവ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടേതാണ് ഉത്തരവ്.
ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സംവിധാനത്തില്‍ വാഹനത്തിന്റെ ഫിറ്റ്‌നെസ് പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്ന കാര്യം തീരുമാനിക്കുക. ഇതിനായി ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്റുറുകള്‍ ഒരുക്കണം. അടുത്ത വര്‍ഷത്തോടെ ഈ പൊളിക്കല്‍ നയം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അഭ്യൂഹങ്ങള്‍.
പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ വാഹന വിപണിയില്‍ 30 ശതമാനത്തിന്റെ കുതിപ്പുണ്ടാക്കുമെന്നാണ് മന്ത്രി വിലയിരുത്തിയത്.പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനും സ്വകാര്യ കമ്ബനികളെയും സംസ്ഥാന സര്‍ക്കാരുകളെയും ചുമതലപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പരിശോധനയില്‍ കാര്യക്ഷമത തെളിയിക്കാന്‍ സാധിക്കാത്ത വാഹനങ്ങളായിരിക്കും തുടര്‍ നടപടികള്‍ക്ക് വിധേയമാകുക.