തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദ്രാവിഡ മുന്നേറ്റ കഴകം തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ടു. ട്രിച്ചില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വച്ച്‌ പാര്‍ട്ടി പ്രസിഡന്റ് എം കെ സ്റ്റാലിനാണ് പത്ത് വര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചുകൊണ്ടുള്ള നയരേഖ പ്രകാശിപ്പിച്ചത്.
പാര്‍ട്ടി രൂപം നല്‍കിയ ഏഴ് വികസന പ്രമേയങ്ങള്‍ തമിഴ്‌നാടിനെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പുരോഗതിയിലേക്കd എത്തിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് പ്രതിമാസം 1000 രൂപ, എല്ലാവര്‍ക്കും കുടിവെള്ളം, വെള്ളം പാഴായിപ്പോകുന്നതിന്റെ നിരക്ക് ഇപ്പോഴത്തെ 50 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കും. എല്ലാവര്‍ക്കും ഭക്ഷം, കാര്‍ഷിക സമൃദ്ധി, പത്ത് വര്‍ഷത്തിനുള്ളില്‍ സാമ്ബത്തികപുരോഗതിയില്‍ രണ്ടക്ക വളര്‍ച്ച, പ്രതിവര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങള്‍, പത്ത് വര്‍ഷം കൊണ്ട് 1 കോടി പേരെ ദാരിദ്ര്യരേഖയില്‍ നിന്ന് കൈ പിടിച്ചുയര്‍ത്തും തുടങ്ങിയവയാണ് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
തമിഴ്‌നാടിനെ രാജ്യത്തെ ദാരിദ്ര്യമില്ലാത്ത ആദ്യ സംസ്ഥാനമായി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും. വോട്ടെണ്ണല്‍ മെയ് രണ്ടിനായിരിക്കും.
ബിജെപിയും എഐഎഡിഎംകെയും യോജിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡിഎംകെയും കോണ്‍ഗ്രസ്സും തമ്മിലാണ് ഐക്യമുന്നണി. കമലഹാസന്റെ മക്കള്‍ നീതി മിയ്യമും മല്‍സരരംഗത്തുണ്ട്.