അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് ലക്ഷം ഡോളറി(ഏകദേശം 3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ച്‌ സെര്‍ച്ച്‌ എന്‍ജിന്‍ ‘ഗൂഗിള്‍ ‘.
കര്‍ഷകരായ വനിതകളെ സഹായിക്കാനായി നാസ്‌കോമുമായി സഹകരിച്ചാണ് പദ്ധതി ഗൂഗിള്‍ നടപ്പാക്കുക. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബിഹാര്‍, ഹരിയാണ, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകള്‍ക്കാണ് ഇതിന്റെഗുണം ലഭിക്കുക.
സാങ്കേതിക, സാമ്ബത്തിക മേഖലകളില്‍ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച്‌ ഗ്രാമീണ വനിതകളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികള്‍ ലക്ഷ്യമിട്ടുള്ള ‘വിമന്‍ വില്‍’ വെബ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കും.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാമ്ബത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്ബാടും പ്രവര്‍ത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങള്‍ക്ക് 2.5 കോടി ഡോളര്‍ സഹായംനല്‍കുമെന്നും ഗുഗിള്‍വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഗൂഗിള്‍ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചിട്ടുണ്ട്. നേരിട്ട് ജനങ്ങളിലേയ്ക്ക് സേവനങ്ങളും ഉത്പന്നങ്ങളും എത്തിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം.