തിരുവനന്തപുരം > സംസ്ഥാനത്തിന്റെ വികസന കുതിപ്പ് അടയാളപ്പെടുത്തുന്ന പാലങ്ങളെല്ലാം എല്ഡിഎഫ് സര്ക്കാര് യാഥാര്ഥ്യമാക്കിയത് ടോള് ഒഴിവാക്കി. സംസ്ഥാന ചരിത്രത്തില് ഏറ്റവുമധികം പാലങ്ങള് നിര്മിച്ചത് ഈ സര്ക്കാരാണ്. നിര്മാണം പൂര്ത്തിയാക്കിയതും നിര്മാണത്തിലിരിക്കുന്നതും ബലപ്പെടുത്തിയതും ഭരണാനുമതി നല്കിയതുമുള്പ്പെടെ 569. യുഡിഎഫ് ഭരണത്തില് 275 പാലം നിര്മിച്ചെന്ന് ഉമ്മന്ചാണ്ടി അവകാശപ്പെടുന്നെങ്കിലും പൂര്ത്തിയാക്കിയത് 73 മാത്രം. ബാക്കിയുള്ളവ യാഥാര്ഥ്യമാക്കിയതും എല്ഡിഎഫ് സര്ക്കാരാണ്.

യുഡിഎഫ് ഭരണത്തില് ടോള് ഏര്പ്പെടുത്തിയാണ് പാലങ്ങള് പണിതത്. എന്നാല്, ടോള് ഇല്ലാതെയാണ് എല്ഡിഎഫ് കാലത്തെ പാലങ്ങളെല്ലാം യാഥാര്ഥ്യമാക്കിയത്. 845 കോടി രൂപ ചെലവില് 104 പാലം ഇതിനകം നാടിന് സമര്പ്പിച്ചു. 1370 കോടിയുടെ 106 പാലം നിര്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. 103 പാലത്തിന്റെ നിര്മാണം തുടങ്ങാന് 934 കോടി രൂപയും അനുവദിച്ചു. കിഫ്ബിയില്നിന്ന് ഫ്ളൈ ഓവര്, റെയില്വേ മേല്പ്പാലം, അണ്ടര്പാസ് എന്നിവ ഉള്പ്പെടെ 47 നിര്മാണ പ്രവര്ത്തനങ്ങള്ക്ക് 2170 കോടി ചെലവഴിച്ചു. പ്രളയത്തില് തകര്ന്ന 42 പാലം പുനര്നിര്മിക്കാനും തുക ചെലവഴിച്ചു. ഇവയിലൊന്നിലും ടോള് ഇല്ലെന്ന് ഉറപ്പാക്കി. പാലാരിവട്ടം പാലം പുതുക്കി പണിതതും ടോള് ഇല്ലാതെ.

ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂര് മേല്പ്പാലങ്ങളും എല്ഡിഎഫ് സര്ക്കാര് 152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്മിച്ചത്. എസ്റ്റിമേറ്റ് തുകയേക്കാള് 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങള് നിര്മിച്ചത്. ദേശീയപാത അതോറിറ്റിയില്നിന്ന് നിര്മാണം ഏറ്റെടുത്തതുകൊണ്ട് ടോള് പിരിവ് ഒഴിവാക്കാനും സംസ്ഥാന സര്ക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ് മുന് യുഡിഎഫ് സര്ക്കാര് നീട്ടിക്കൊണ്ടുപോയ പദ്ധതിയാണിത്.

കോഴിക്കോട് പന്നിയങ്കര റെയില്വേ മേല്പ്പാലം, എറണാകുളം – ഏരൂര് റെയില്വേ മേല്പ്പാലം, കോഴിക്കോട് കുഞ്ഞിപ്പള്ളി റെയില്വേ മേല്പ്പാലം എന്നിവ പൂര്ത്തിയാക്കിയപ്പോഴും എല്ഡിഎഫ് സര്ക്കാര് ടോള് ഒഴിവാക്കി. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും (കാസര്കോട്) യാഥാര്ഥ്യമാക്കി.