കൊറോണ വൈറസ് തകർത്ത 2020 വര്‍ഷത്തെ യാത്രാദിനങ്ങള്‍ എങ്ങനെ ഇനി വീണ്ടെടുക്കും എന്നുള്ള ആലോചനയിലാണോ? കൂടുതല്‍ അപൂര്‍വ മനോഹരമായ സ്ഥലങ്ങളിലേക്ക് പറക്കുക എന്നതല്ലാതെ ആ വിഷമം തീര്‍ക്കാന്‍ മറ്റൊരു മാർഗവുമില്ല. അങ്ങനെയൊരു കിടിലന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സഞ്ചാരികള്‍ക്കായി ഒരുക്കുകയാണ് ഐസ്‍‍ലാൻഡിലെ പര്‍സ്യൂട്ട് എന്ന ഹോസ്പിറ്റാലിറ്റി കമ്പനി. കടലിനരികെ, ലോകോത്തരമായ സൗകര്യങ്ങള്‍ ആസ്വദിച്ചു കൊണ്ട്, ധാതുസമ്പുഷ്ടമായ ഒരു ഉഷ്ണനീരുറവയില്‍ കുളിക്കാനുള്ള അസുലഭമായ അവസരമാണ് സഞ്ചാരികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. അറ്റ്ലാന്റിക് സമുദ്രത്തോട്‌ ചേര്‍ന്നാണ് ഇതിനായി സ്കൈ ലഗൂണ്‍ എന്ന് പേരുള്ള ‘കായല്‍’ കമ്പനി ഒരുക്കുന്നത്.

ഐസ്‍‍ലാൻഡിനെ സംബന്ധിച്ചിടത്തോളം സഞ്ചാരികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന കാര്യമാണ് അറോറ ബോറാലിസ് അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്ന അത്ഭുതക്കാഴ്ച. ചുവപ്പ്, പച്ച, നീല നിറങ്ങളില്‍ ആകാശത്ത് പ്രകാശത്തിന്‍റെ മാന്ത്രികദൃശ്യമൊരുക്കുന്ന അഭൗമമെന്ന് തോന്നിക്കുന്ന ഈ പ്രതിഭാസം ഇവിടെ പൂര്‍ണ സൗന്ദര്യത്തോടെ കാണാനാവും. ഉയർന്ന അക്ഷാംശത്തിലാണ് ഐസ്‌ലാന്‍‍ഡ് സ്ഥിതിചെയ്യുന്നത്. ഏപ്രിൽ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ പകല്‍ മാത്രമേ ഇവിടെ അനുഭവപ്പെടുന്നുള്ളൂ. എന്നാല്‍, ഓഗസ്റ്റ് അവസാനം മുതൽ ഏപ്രിൽ പകുതി വരെയുള്ള സമയം നോർത്തേൺ ലൈറ്റ്സ് സീസണാണ്.

വൈകുന്നേരം 6 മണിക്ക് ശേഷം ഇരുട്ടാവുന്ന, സെപ്റ്റംബർ അവസാനം മുതൽ മാർച്ച് അവസാനം വരെയുള്ള സമയമാണ് നോർത്തേൺ ലൈറ്റ്സ് കാണാന്‍ ഏറ്റവും കൂടുതല്‍ അവസരമുള്ളത്. ഈ സമയത്ത് വിശാലമായ സമുദ്രത്തിനരികെ, ചൂടുള്ള വെള്ളത്തില്‍ കിടന്നു കൊണ്ട് ആ കാഴ്ച കാണുന്ന അനുഭവം ഒന്നോര്‍ത്തു നോക്കൂ. രാജകീയം എന്നല്ലാതെ എങ്ങനെ അതിനെ വിശേഷിപ്പിക്കാനാവും, അല്ലേ! ആ ഒരു അനുഭവമാണ് തങ്ങള്‍ ഒരുക്കുന്നതെന്നാണ് പര്‍സ്യൂട്ട് പറയുന്നത്.

സാധാരണ തവണയും ഉണ്ടാകുന്നതു പോലെയുള്ള ഒരു അവധിക്കാലത്തെക്കുറിച്ച് ഇക്കുറി ഒന്നു മാറ്റി ചിന്തിക്കൂ എന്നാണ് സഞ്ചാരികള്‍ക്ക് പർസ്യൂട്ടിന്‍റെ ഉപദേശം. റെയ്ജാവിക്ക് നഗര കേന്ദ്രത്തോട് ചേർന്നുള്ള കോപവോഗൂരിലെ കോർസ്നെസ് ഹാർബറിലാണ് ഈ ലഗൂണ്‍ സ്ഥിതിചെയ്യുന്നത്. ഏകദേശം 70 മീറ്ററാണ് ഇതിന്‍റെ നീളം. കടലിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍, ഒരു ഇന്‍ഫിനിറ്റി പൂളില്‍ കുളിക്കുന്നതുപോലെയുള്ള അനുഭവമാണ് ഇതിലൂടെ ലഭിക്കുക.

ഇവിടെയുള്ള സൂര്യാസ്തമയങ്ങളും സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും എന്ന് പര്‍സ്യൂട്ട് ഉറപ്പുനല്‍കുന്നു. അക്കാര്യം ഉറപ്പുവരുത്തുന്നതിനായി ഒരു ബാറും കമ്പനി ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ഒരു ആധുനിക ഗുഹയുടെ മാതൃകയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ ബാറില്‍ പ്രാദേശിക പാനീയങ്ങള്‍ക്കൊപ്പം രുചികരമായ ഭക്ഷണവിഭവങ്ങളും ഉണ്ടാകും.

കടല്‍ കടന്നെത്തുന്ന സഞ്ചാരികള്‍ക്കായി ലോകോത്തരമായ സൗകര്യങ്ങളായിരിക്കും ഇവിടെ ഉണ്ടായിരിക്കുക. ഈ വര്‍ഷത്തെ വസന്തകാലത്തേക്കാണ് ലഗൂണ്‍ ആരംഭിക്കാന്‍ കമ്പനി പ്ലാന്‍ ചെയ്യുന്നത്. ജൂണ്‍ മാസമാവുമ്പോഴേക്കും കൊറോണ മൂലം അടച്ചിട്ടിരുന്ന അതിര്‍ത്തികള്‍ ഐസ്ലാന്‍ഡ് തുറക്കും എന്നാണു പ്രതീക്ഷിക്കുന്നത്.