ന്യുയോർക്ക് ∙ ന്യുയോർക്ക് ഫെഡറൽ റിസർവ് ബാങ്ക് വൈസ് പ്രസിഡന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ തസ്തികയിൽ നൊറീൻ ഹസ്സനെ നിയമിച്ചതായി അധികൃതർ അറിയിച്ചു. മാർച്ച് 15 മുതൽ പുതിയ ചുമതലയിൽ പ്രവേശിക്കണമെന്ന് ഫെഡറൽ റിസർവ് സിസ്റ്റം ബോർഡ് ഓഫ് ഗവർണേഴ്സ് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും കുടിയേറിയ മുൻ ഐബിഎം സീനിയർ എക്സിക്യൂട്ടീവ് ജാവേദ് കെ. ഹസ്സന്റെ മകളാണ് നൊറിൻ.

പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്നും എംബിഎ ബിരുദവും നേടിയ ഇവർ ആദ്യമായി ജോലിയിൽ പ്രവേശിച്ചത് മെക്കൻസി കമ്പനിയിലാണ്. നൊറീന്റെ പരിചയ സമ്പന്നമായ നേതൃത്വം ഫെഡറൽ റിസർവ് ബാങ്കിന്റെ വളർച്ചക്ക് നിദാനമായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് ഡെന്നിസ് സ്ക്കോട്ട് പറഞ്ഞു.

കഴിഞ്ഞ നാലു വർഷമായി മോർഗൻ സ്റ്റാൻലി വെൽത്ത് മാനേജ്മെന്റ് ചീഫ് ഡിജിറ്റൽ ഓഫീസർ തസ്തികയിൽ നൊറീന്റെ സേവനം സ്തുത്യർഹമായിരുന്നുവെന്നും ഡെന്നീസ് കൂട്ടിച്ചേർത്തു. പുതിയ സ്ഥാനലബ്ധിയിൽ അതീവ കൃതാർഥയാണെന്നും തന്റെ കഴിവിന്റെ പരമാവധി ബാങ്കിന്റെ വളർച്ചക്കായി പ്രയോജനപ്പെടുത്തുമെന്നും നൊറീൻ പ്രതികരിച്ചു.