പി. പി. ചെറിയാന്‍
ന്യൂയോർക്ക് ∙ ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമൊ ഗവർണർ പദവി ഒഴിയണമെന്ന് ന്യൂയോർക്ക് ഡെമോക്രാറ്റിക് സെനറ്റ് മെജോറട്ടി ലീഡർ ആൻഡ്രിയ സ്റ്റിവർട്ട് ആവശ്യപ്പെട്ടു. ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തനായ ഗവർണറാണ് ആൻഡ്രു കുമൊ. ഡമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോർക്കിലെ സമുന്നത നേതാവാണ് ലൈംഗീകാരോപണങ്ങൾക്ക് വിധേയനായി അന്വേഷണത്തെ നേരിടുന്ന ഗവർണറുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് 19 നെ തുടർന്ന് നാഴ്സിംഗ് ഹോമുകളിൽ സംഭവിച്ച നിരവധി മരണങ്ങളെകുറിച്ചും ഗവർണർ അന്വേഷണം നേരിടുന്നുണ്ട്. ന്യൂയോർക്ക് അറ്റോർണി ജനറൽ ലറ്റീഷ ജെയിംസിനാണ് അന്വേഷണത്തിന്റെ ചുമതല.

ചുരുങ്ങിയത് അഞ്ചുപേരെങ്കിലും ഇതിനകം ഗവർണറുടെ സഭ്യമല്ലാത്ത പെരുമാറ്റത്തെക്കുറിച്ചു പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഗവർണറുടെ മുൻ പോളിസി ആന്റ് ഓപ്പറേഷൻസ് എയ്ഡ് അന്ന ലിസാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. മാർച്ച് 8 ഞായറാഴ്ച അസംബ്ലി സ്പീക്കർ കാർ ഹേയ്സ്റ്റി ഗവർണർ കുമോയെ അപലപിച്ചു പ്രസ്താവനയിറക്കി.

ഗവർണർക്കെതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ വളരെ ഗുരുതരമാണെന്നും, അന്വേഷണം നേരിടുന്ന ഗവർണർ, സ്ഥാനത്തിരിക്കുന്നതിന് അർഹനല്ലെന്നും പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഗവർണർ തന്റെ നടപടികളിൽ ക്ഷമാപണം നടത്തിയെങ്കിലും രാജിവെക്കുവാൻ വിസമ്മതിച്ചു. ആരോപണങ്ങളെ കുറിച്ചു സ്വതന്ത്ര അന്വേഷണം നേരിടാൻ തയാറാണെന്ന് ഗവർണർ സമ്മതിച്ചിട്ടുണ്ട്.