റിയാദ് : സൗദിയില്‍ എയര്‍പോര്‍ട്ടുകളിലും വാക്‌സിനുകള്‍ ഉടന്‍ ലഭ്യമായേക്കുമെന്ന് സൂചന. ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്റ്റര്‍ ഡോ: അഹ്മദ് അല്‍ അമ്മാര്‍ ആണ് ഇത് സംബന്ധിച്ച അഭിപ്രായം പറഞ്ഞത്. ജോണ്‍സര്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന്‍ സമീപ ഭാവിയില്‍ തന്നെ എയര്‍ പോര്‍ട്ടുകളില്‍ ലഭ്യമായേക്കുമെന്നാണ് ഇദ്ദേഹം റൊട്ടാന ഖലീജിയ ചാനലില്‍ നടന്ന പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായി അംഗീകാരം ലഭ്യമാകുന്നതോടെയായിരിക്കും ഇപ്രകാരമൊരു തീരുമാനം പ്രഖ്യാപിക്കപ്പെടുക. നിലവില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഉപയോഗത്തിന് സഊദി അറേബ്യ അംഗീകാരം നല്‍കിയിട്ടില്ല.

ഒറ്റ ഡോസ് വാക്‌സിന്‍, വിലക്കുറവ്, സൂക്ഷിക്കാനുള്ള എളുപ്പം തുടങ്ങിയവയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിനെ വ്യത്യസ്തമാക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ഭാവിയില്‍ എയര്‍പോര്‍ട്ടുകളിലും ഇതിനുള്ള സാധ്യതയാണ് കണക്കുന്നതെന്നു അദ്ദേഹം പറഞ്ഞു .ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനുകള്‍ ഒറ്റ ഡോസ് കൊണ്ട് തന്നെ കാര്യമായ ലക്ഷ്യം കാണാന്‍ കഴിഞ്ഞതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.