തെഹ്റാന്‍: ചാരവൃത്തി ആരോപിച്ച്‌ ഇറാന്‍ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയന്‍ സന്നദ്ധ പ്രവര്‍ത്തക നസാനിന്‍ സഗാരി റാഡ്ക്ലിഫിന് മോചനം. അഞ്ചു വര്‍ഷത്തെ തടവിന് ശേഷമാണ് മോചനം സാധ്യമായത്. നസാനിന് ഉടന്‍ യു.െകയിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് ഇറാന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ മോചിതയായിരുന്നെങ്കിലും തെഹ്റാനില്‍ വീട്ടുതടങ്കലിലായിരുന്നു. നസാനിനെ വിട്ടയച്ച ഇറാന്‍റെ നടപടിയെ യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്വാഗതം ചെയ്തു. അതേസമയം, നസാനിനെതിരെ കൂടുതല്‍ കേസുകള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്ന് ഭര്‍ത്താവ് റിച്ചാര്‍ഡ് റാഡ്ക്ലിഫ് രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.

2009ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ലണ്ടനിലെ ഇറാന്‍ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതും ബി.ബി.സി പേര്‍ഷ്യന് അഭിമുഖം നല്‍കിയതും രാജ്യത്തിനെതിരായ നീക്കമാണെന്നാണ് ഇറാന്‍റെ ആരോപണം.

2016ല്‍ കുടുംബത്തെ കാണാന്‍ ഇളയ മകളോടൊപ്പം ഇറാനിലെത്തിയ നസാനിനെ തെഹ്റാന്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. സന്നദ്ധ സംഘടനയായ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍റെ പ്രൊജക്‌ട് മാനേജരായി സേവനം ചെയ്യുകയായിരുന്നു 43കാരിയായ നസാനിന്‍ റാഡ്ക്ലിഫ്.