വാഷിംഗ്‌ടണ്‍: ഇറാഖ് കഴിഞ്ഞ ദിവസം യു.എസ് സൈനിക കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം ഉറപ്പാണെന്ന് അമേരിക്ക. നിശ്ചിത സമയത്തായിരിക്കും തിരിച്ചടിയെന്നും യു.എസ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ പിന്തുണയുള്ള മിലീഷ്യകളാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

ആണവ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കെ, ഇറാഖിന്റെ പേരില്‍ ഇറാനും അമേരിക്കയും കൂടുതല്‍ ഇടയുന്നു. ബഗ്ദാദിലെ അല്‍ അസദ് സൈനിക ക്യാമ്ബിനു നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഒരു കരാര്‍ ജീവനക്കാരന്‍ മരണപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാഖിലെ തങ്ങളുടെ സൈനികരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ഇറാനുള്ള മുന്നറിയിപ്പെന്നോണം യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉചിതമായ രീതിയില്‍ ആക്രമണകാരികള്‍ക്കെതിരെ തിരിച്ചടി ഉറപ്പാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.