ഐപിഎൽ 6 വേദികളിൽ നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരെ എതിർത്ത് ഫ്രാഞ്ചൈസികൾ. ഒരു ടീമിനും ഹോം ആനുകൂല്യം ലഭിക്കാതിരിക്കാൻ എടുത്ത തീരുമാനമാണെങ്കിലും 6 വേദികളിൽ മത്സരങ്ങൾ നടത്താനുള്ള തീരുമാനം തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് ചില ഫ്രാഞ്ചൈസികൾ കുറ്റപ്പെടുത്തുന്നു. ഇന്ന് ഉച്ചക്കാണ് ഐപിഎൽ മത്സരക്രമം പുറത്തുവന്നത്.

ഒരു ടീം ഏറ്റവും കുറഞ്ഞത് നാല് തവണ ബയോ ബബിളിനു പുറത്തേക്ക് യാത്ര ചെയ്യേണ്ട രീതിയിലാണ് മത്സരക്രമങ്ങൾ. ലീഗ് സ്റ്റേജിൽ നാല് പട്ടണങ്ങളിലായാണ് ടീമുകൾ കളിക്കേണ്ടത്. ഇത് കൊവിഡ് പടരാനുള്ള സാധ്യത വർധിപ്പിക്കും. ടീം ബബിളിനുള്ളിൽ ഉള്ളവർക്ക് ഫ്രാഞ്ചൈസി ഉടമയെ പോലും കാണാൻ അനുവാദമില്ല. ഇവിടെ നാല് തവണ യാത്ര ചെയ്യുമ്പോഴും, ബസും ഹോട്ടലുമൊക്കെ മാറ്റേണ്ടി വരുമ്പോഴും കൊവിഡ് പടരാനുള്ള സാധ്യത വർധിക്കുകയാണ്. ചാർട്ടേഡ് ഫ്ലൈറ്റുകളും പ്രൈവറ്റ് എയർപോർട്ടുകളും ഏർപ്പെടുത്തിയാലും സുരക്ഷാപ്രശ്നം ഉണ്ടാവുമെന്നും ഫ്രാഞ്ചൈസി ഒഫീഷ്യൽ സൂചിപ്പിക്കുന്നു.