കൊല്‍ക്കത്ത: ബി.ജെ.പിയില്‍ ചേര്‍ന്ന ചലചിത്ര നടനും മുന്‍ രാജ്യസഭാഗവുമായ മിഥുന്‍ ചക്രബര്‍ത്തിക്ക് വിശ്വാസ്യതയോ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയോ ഇപ്പോഴില്ലെന്ന് തൃണമൂല്‍ എം.പി സൗഗത റോയ്. തൃണമൂലിന്റെ മുന്‍ രാജ്യസഭാ എം.പിയായ ചക്രബര്‍ത്തി നക്സലൈറ്റാണെന്നും നാലുതവണ പാര്‍ട്ടി മാറിയ ആളാണെന്നും റോയ് പറഞ്ഞു.

മിഥുന്‍ ചക്രബര്‍ത്തി ഇന്ന് അഭിനേതാവല്ല, അദ്ദേഹം കഴിഞ്ഞകാലത്തെ നടനായിരുന്നു. നാലുതവണ ഇതുവരെ പാര്‍ട്ടി മാറിയിട്ടുണ്ട്. ശരിക്കും അയ്യാളൊരു നക്സലൈറ്റാണ്. ആദ്യം സി.പി.എമ്മില്‍ ചേര്‍ന്നു പിന്നീട് തൃണമൂലിലും. തൃണമൂല്‍ അയ്യാളെ രാജ്യസഭാ എം.പിയാക്കി. ബി.ജെ.പി കേസുകള്‍കൊണ്ടും എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റിനെക്കൊണ്ടും പൊറുതിമുട്ടിച്ചതോടെ രാജ്യസഭാഗത്വം ഉപേക്ഷിച്ചു. ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്നും റോയ് പ്രതികരിച്ചു.

ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത റാലിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാക്കിയാക്കിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ ബി.ജെ.പി പ്രവേശനം. ചക്രബര്‍ത്തിയുടെ ആരാധക പിന്തുണ വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലാണ് ബി.ജെ.പി. ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ് ഉയര്‍ത്തിക്കാട്ടി ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പിക്ക് പദ്ധതിയുള്ളതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.