ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് ജാനുവിൻ്റെ മടങ്ങിവരവ്. ബിജെപിയുടെ വിജയ് യാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ജാനു എൻഡിഎയിലേക്കുളള തിരിച്ച് വരവ് പ്രഖ്യാപിച്ചത്

എൻഡിഎ നേതാക്കളുമായി രണ്ട് തവണ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സികെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎയിലേക്കുളള മടങ്ങി വരവ് തീരുമാനിച്ചത്. എൻഡിഎയുടെ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ശേഷം കഴിഞ്ഞ ലോക്‌സഭാകാലത്ത് എൽഡിഎഫിലായിരുന്നു ജനാധിപത്യ രാഷ്ട്രീയപാർട്ടി. എന്നാൽ മുന്നണിമര്യാദങ്ങൾ എൽഡിഎഫ് പാലിക്കാതിരുന്നതോടെ കഴിഞ്ഞ തദ്ദേശ തെര‌ഞ്ഞെടുപ്പിലുൾപ്പെടെ സ്വതന്ത്ര നിലപാടാണ് പാർട്ടി സ്വീകരിച്ചത്. മുന്നണി മര്യാദകൾ പാലിക്കുമെന്ന എൻഡിഎയുടെ ഉറപ്പിനെതുടർന്നാണ് വീണ്ടും മുന്നണിയിലേക്ക് മടങ്ങാൻ പാർട്ടി തീരുമാനം എടുത്തത്.

ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിൽ കേന്ദ്ര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ എൻഡിഎയിൽ ചേരാനുള്ള തീരുമാനം ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. നേരത്തെ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന സികെ ജാനു 25000ത്തിൽപ്പരം വോട്ടുകൾ നേടിയിരുന്നു.