കൊച്ചി: അടുത്തിടെ രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് പാലാരിവട്ടം പാലം അഴിമതി. നിര്‍മാണത്തിലെ അപാകത കാരണം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കേണ്ടി വന്ന പാലം. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആരോപണ മുനയില്‍ നില്‍ക്കുന്ന കേസ്. എന്നാല്‍ പാലാരിവട്ടം പാലം വീണ്ടും നിര്‍മിച്ചിരിക്കുന്നു. അതും മാസങ്ങള്‍ക്കിടെ.
മെട്രോമാന്‍ ഈ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ നടന്ന നിര്‍മാണത്തിന് ബിജെപി അവകാശം വാദം ഉന്നയിക്കുന്നതിനിടെയാണ് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രത്യേക ഉദ്ഘാടനമൊന്നുമില്ലാതെ പാലം തുറന്നുകൊടുക്കുമെന്ന് പറയുന്ന കുറിപ്പില്‍ കേരളത്തിന്റെ വികസനത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ചാര്‍ത്തിയ മുദ്രയായി ഇതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. കുറിപ്പ് വായിക്കാം…പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇന്ന് വൈകുന്നേരം 4 മണിക്ക് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറെ കൊണ്ട് ഗതാഗതത്തിനു തുറന്നു കൊടുക്കും.
അഴിമതിയുടെ പ്രതീകമായി മാറിയ പൊളിച്ചു മാറ്റേണ്ടി വന്ന പാലാരിവട്ടം പാലത്തില്‍ നിന്നും ആറുമാസത്തിനുള്ളില്‍ പുതിയ പാലം യാഥാര്‍ഥ്യമാക്കി. കേരളത്തിന്റെ വികസനം എല്‍ഡിഎഫിന്റെ കയ്യില്‍ ഭദ്രമാണെന്ന സന്ദേശമാണ് ഇതിലൂടെ ഈ സര്‍ക്കാര്‍ നല്‍കുന്നത്.