എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സാധ്യതാ പട്ടിക ഇന്ന് പൂര്‍ത്തിയാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നു പേരുകള്‍ വീതം ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച്‌ അന്തിമപ്പട്ടിക തയ്യാറാക്കി ഉടന്‍ കേന്ദ്രത്തിനയയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
35 സീറ്റില്‍ വിജയിച്ചാല്‍ കേരളം ഉറപ്പായും എന്‍ഡിഎ ഭരിക്കുമെന്നും കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. അതേസമയം ബിജെപിയുടെ സാധ്യതാ പട്ടികയില്‍ സിനിമാതാരങ്ങളായ കൃഷ്ണകുമാര്‍, വിവേക് ഗോപന്‍, ജേക്കബ് തോമസ്, ശോഭാ സുരേന്ദ്രന്‍, സെന്‍കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സുരേഷ് ഗോപി ലിസ്റ്റിലില്ല. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയതെന്നാണ് സൂചന.
മെട്രോമാന്‍ ഇ. ശ്രീധരനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തൃപ്പൂണിത്തറയിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. പാലക്കാടും ശ്രീധരന് പിന്തുണയുണ്ട്. അതേസമയം മാര്‍ച്ച്‌ ഒന്‍പതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക പരിശോധിച്ച ശേഷം 10നായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കുക. പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് അണികള്‍.