‘അണു കവിതകൾ ‘ എന്ന പേരിൽ കവി സോഹൻ റോയി എഴുതിവരുന്ന കവിതകൾ ഇനി മുതൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും. ഇതു സംബന്ധിച്ചു ലണ്ടൻ ആസ്ഥാനമായ ‘വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്’ അയച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
ലളിതാംബിക അന്തർജ്ജനം അവാർഡ് ജേതാവ് കൂടിയായ അദ്ദേഹം കഴിഞ്ഞ ആയിരം ദിവസങ്ങളിലോരോന്നിലും അതാതു ദിവസത്തെ പ്രധാന വിഷയം ആസ്പദമാക്കി കവിതകളെഴുതി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. കേവലം വരികൾ എന്നതിലുപരി സംഗീതത്തിന്റെയും ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെയാണ് കവിതകൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ഏതൊരു ലോക ഭാഷയുടേയും ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും അതാതു ദിവസത്തെ വിവാദ സംഭവം, വാർത്താ രൂപത്തിലല്ലാതെ പാട്ട് രൂപത്തിൽ നിത്യവും വായനക്കാർക്കിടയിൽ ഇത്തരത്തിൽ പങ്കു വയ്ക്കപ്പെടുന്നത്. ഈ സുപ്രധാന നേട്ടമാണു റെക്കോർഡിനായി പരിഗണിച്ചതെന്നു വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഇന്ത്യൻ എഡിഷൻ മേധാവി സന്തോഷ് ശുക്ല അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ടിക്ക് ടോക്ക് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആൾക്കാരിലേയ്ക്ക് നിമിഷങ്ങൾക്കകം അണുകവിതകൾ എത്തുന്നുണ്ട്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി കൈവരിച്ച 1001 കവിതകൾ പുസ്തക രൂപത്തിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളുടെ പൊതു നിയമാവലികൾ കൂടി പാലിച്ചുകൊണ്ടാണ് ഈ ആധുനിക കവിതാ സമാഹാരം എഴുതിയിരിക്കുന്നത്. ഏഴിൽ കുറയാത്ത സർഗ്ഗങ്ങൾ, ഓരോ സർഗ്ഗത്തിലും 50ൽ കുറയാതെ ശ്ലോകങ്ങൾ, ധീരോദാത്തനായ നായകൻ, പുരുഷാർഥ പ്രാപ്തിക്കു പ്രയോജനപ്പെടുന്ന ഇതിവൃത്തം, ശൃംഗാരം, വീരം, ശാന്തം തുടങ്ങിയ രസങ്ങൾ മുതലായവയായിരുന്നു മഹാകാവ്യത്തിന്റെ പൊതുലക്ഷണമായി പ്രാചീനകാലത്തു വിലയിരുത്തിയിരുന്നത്. എന്നാൽ, നായകസ്ഥാനത്തു സമകാലീന സമൂഹത്തെ തന്നെയാണ് ഈ ആധുനിക മഹാകാവ്യസമാഹാരം വിഭാവനം ചെയ്തിരിക്കുന്നത്. പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം, അനുബന്ധം ഒന്ന്, അനുബന്ധം രണ്ട് തുടങ്ങിയ 10 സർഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞവർഷം 501 കവിതകൾ പൂർത്തിയായ സമയത്ത്, ആ കവിതകളുടെ സമാഹാരം,ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലൂടെ പ്രകാശനം ചെയ്തിരുന്നു. പിന്നീട് 601 കവിതകൾ ആയപ്പോൾ അവയുടെ സമാഹാരം ‘അണുമഹാകാവ്യം 601 ‘ എന്ന പേരിൽ സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തിരുന്നു. സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി.നാരായണക്കുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 2018ൽ, ഡിസി ബുക്സും അണു കാവ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി.ആർ.ബിജുറാം ആണ് എല്ലാ കവിതകൾക്കും സംഗീത സംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത് .