ബാഗ്ദാദ്: ഇറാഖിലെ ക്രൈസ്തവർ, ആ ദേശത്തിൻറെ ഉപ്പാണെന്നും വെല്ലുവിളികളെ നേരിടുന്നതിൽ അവർ അന്നാട്ടിലെ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട സഹോദരങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും പ്രസിഡന്റ് ബര്‍ഹാം സാലി ഖാസിം. ഭരണാധികാരികളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമൊത്തു നടത്തിയ കൂടിക്കാഴ്ച വേളയിൽ പാപ്പയെ സ്വാഗതം ചെയ്യുകയായിരുന്നു പ്രസിഡൻറ്.

പകർച്ചവ്യാധിയുടെ ഫലമായി ലോകത്തിലുണ്ടായിരിക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ മൂലം സന്ദർശനം മാറ്റിവയ്ക്കാൻ നിരവധി ശുപാർശകളും വെല്ലുവിളികളും ഉണ്ടായിട്ടും പാപ്പ ഇറാഖിലെത്തിയതിൽ രാജ്യത്തെ ജനങ്ങൾ അഭിമാനിക്കുന്നുവെന്നും പ്രയാസകരമായ സാഹചര്യങ്ങളെല്ലാം മറികടന്ന പാപ്പായുടെ ഇറാഖ് സന്ദർശനത്തിൻറെ പ്രാധാന്യവും മൂല്യവും ഇരട്ടിയായി വർദ്ധിച്ചുവെന്നും പ്രസിഡൻറ് ബര്‍ഹാം സാലി ഖാസിം പ്രസ്താവിച്ചു.

സമാധാനം, സാമൂഹ്യനീതി എന്നിവ സംജാതമാക്കുന്നതിനും അതുപോലെതന്നെ, ദാരിദ്ര്യത്തെ നേരിടുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതിൽ പാപ്പാ വഹിക്കുന്ന സുപ്രധാന പങ്കും, സംഭാഷണം, സഹവർത്തിത്വം, മാനവസാഹോദര്യം എന്നിവ ഉറപ്പാക്കുന്നതിന് പാപ്പ നടത്തുന്ന ഉദാരമായ പരിശ്രമവും എല്ലാവർക്കും അഭിമാനകരവും പ്രചോദനദായക സന്ദേശവുമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ഭാഗികമല്ല, സമ്പുർണ്ണ സ്വതന്ത്ര പരമാധികാര രാജ്യമായി ഇറാഖിനെ മാറ്റേണ്ടതുണ്ടെന്നും പരാമധികാരത്തോടുള്ള ആദരവിലും മനുഷ്യാവകാശങ്ങളിലും സാമ്പത്തികോദ്ഗ്രഥനത്തിലും അധിഷ്ടിതമായ പ്രാദേശിക വ്യവസ്ഥയുടെ മൗലിക സ്തംഭമായി ഇറാഖ് നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.