കെയ്റോ/ബാഗ്ദാദ്: തീവ്രവാദി ആക്രമണങ്ങളും, രക്തരൂക്ഷിത കലാപങ്ങളും പതിവായ ഇറാഖ് സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ കാണിച്ച ധൈര്യത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് ലോകപ്രസിദ്ധമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ മുസ്ലീം ദേവാലയത്തിന്‍റെ പരമാചാര്യനും കൗണ്‍സില്‍ ഓഫ് മുസ്ലീം എല്‍ഡേഴ്സ് ചെയര്‍മാനുമായ അഹ്മദ് മുഹമ്മദ് അല്‍ തയ്യിബ്. “ചരിത്രപരവും, ധീരവും” എന്നാണ് പാപ്പയുടെ സന്ദര്‍ശനത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. എന്റെ സഹോദരന്‍ ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപരവും, ധീരതയോടും കൂടിയ ഇറാഖ് സന്ദര്‍ശനം ഇറാഖി ജനതക്ക് സമാധാനത്തിന്റേയും, ഐക്യദാര്‍ഢ്യത്തിന്റേയും, പിന്തുണയുടേയും സന്ദേശമാണ് നല്‍കുന്നതെന്നും, അദ്ദേഹത്തിന്റെ യാത്ര വിജയം വരിക്കുവാനും, മാനവിക സാഹോദര്യത്തിന്റെ പാതയില്‍ ഈ യാത്ര പ്രതീക്ഷിച്ച ഫലം കൈവരിക്കുവാനും സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതാദ്യമായാണ് വിശുദ്ധ പത്രോസിന്റെ പിന്‍ഗാമികളില്‍ ഒരാള്‍ ഇറാഖ് സന്ദര്‍ശിക്കുന്നത്. തന്റെ മുന്‍ഗാമികളുടെ ആഗ്രഹമാണ് ഇറാഖ് സന്ദര്‍ശനത്തിലൂടെ ഫ്രാന്‍സിസ് പാപ്പ പൂര്‍ത്തീകരിക്കുന്നത്. 2003-ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖില്‍ നടന്ന സൈനീക നടപടിയെ തുടര്‍ന്ന്‍ പലായനം ചെയ്യേണ്ടി വന്ന മതന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള സമാധാനത്തിന്റേയും, സഹവര്‍ത്തിത്വത്തിന്റേയും സന്ദേശവുമായിട്ടാണ് ഇറാഖിന്റെ മണ്ണില്‍ ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ സന്ദര്‍ശനം തുടരുന്നത്. ചതുര്‍ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ നാളെ വത്തിക്കാനിലേക്ക് മടങ്ങും.