തിരുവനന്തപുരം: യു ഡി എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുന്നു. മൂവാറ്റുപുഴ, ഏറ്റുമാനൂര്‍ മണ്ഡലങ്ങളെ ചൊല്ലിയാണ് ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം. പട്ടാമ്പി വേണമെന്ന ലീഗിന്റെ ആവശ്യത്തില്‍ ഇനിയും തീരുമാനമായില്ല.

രണ്ട് ദിവസം കൊണ്ട് തര്‍ക്കം പരിഹരിച്ച്‌ പത്താം തീയതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള തീവ്ര ശ്രമത്തിലാണ് നേതാക്കള്‍. നേരത്തെ കോട്ടയത്ത് ഏറ്റുമാനൂര്‍ വിട്ടുകൊടുത്ത് പ്രശ്നം അവസാനിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും അതു കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. അതിനിടെ മൂവാറ്റുപുഴയും പുതിയ തര്‍ക്ക മണ്ഡലമായി.

ഫ്രാന്‍സിസ് ജോര്‍ജ്ജിനായി മൂവാറ്റുപുഴ വേണമെന്ന ഉറച്ച്‌ നിലപാടിലാണ് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍ ഏറ്റെടുക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസിനുമുണ്ട്. ലതികാ സുഭാഷിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഏറ്റുമാനൂരിനായി അവകാശവാദം ഉയര്‍ത്തിയത്.

പക്ഷേ ചങ്ങനാശേരി, ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നിവയിലൊന്നും വിട്ടുവീഴ്ചയില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഏറ്റുമാനൂരിനായി ഉമ്മന്‍ചാണ്ടി നേരിട്ട് പി.ജെ ജോസഫിനെ ടെലിഫോണില്‍ വിളിച്ചിരുന്നു. പക്ഷേ വഴങ്ങില്ലെന്ന് ജോസഫ് തറപ്പിച്ചു പറഞ്ഞു.

മൂവാറ്റുപുഴ വിട്ടു കൊടുത്താല്‍ പരമാവധി കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളിലൊന്നിലും പേരാമ്പ്രയിലും വിട്ടുവീഴ്ച ചെയ്യാമെന്നാണ് അവസാനം ജോസഫ് മുന്നോട്ടു വെച്ച ഫോര്‍മുല.

12 എണ്ണത്തിന് വാശി പിടിക്കുന്നുണെങ്കിലും 10 സീറ്റില്‍ ജോസഫ് വിഭാഗം ധാരണയാവും. മറു ഭാഗത്ത് കൂത്തുപറമ്പ്‌, പേരാമ്പ്ര, പട്ടാമ്പി എന്നിവയാണ് പുതുതായി ലീഗിന് വേണ്ടത്. പട്ടാമ്പിയില്‍ കോണ്‍ഗ്രസ് ഇതുവരെ ലീഗിനെ തീരുമാനം അറിയിച്ചിട്ടില്ല.

പേരാമ്പ്രയാവട്ടെ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റാണ്. അതില്‍ തീരുമാനം എടുക്കണമെങ്കിലും കോണ്‍ഗ്രസും ജോസഫ് വിഭാഗവും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കണം.

കൈപ്പമംഗലത്തിന് പകരം അമ്പ്ലപ്പുഴ വേണമെന്ന ആര്‍എസ്പിയുടെ ആവശ്യത്തിലും ഇനിയും ധാരണകള്‍ രൂപപ്പെട്ടിട്ടില്ല. കൈപ്പമംഗലം ആര്‍ എസ്പിക്ക് കൊടുക്കുന്നതില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യവുമില്ല.