ചങ്ങനാശേരി സീറ്റിന്റെ പേരിൽ സിപിഐ ഇടഞ്ഞുനിൽക്കെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ ഘടകകക്ഷികളോടും അവസാനവട്ട ചർച്ച നടത്തി സമവായമായതിന് ശേഷമാകും ഇടതുമുന്നണി യോഗം ചേരുക.

തർക്കങ്ങളില്ലാതെ പൂർത്തിയാകുമെന്ന് കരുതിയ സീറ്റ് ചർച്ച ചങ്ങനാശേരി എന്ന ഒറ്റ സീറ്റിൽ തട്ടിയാണ് നീണ്ടുപോയത്. ഇന്നലത്തെ ഉഭയകക്ഷി ചർച്ചയിലും പരിഹാരമാകാതെ വന്നതോടെയാണ് എല്ലാവരോടും ഇന്ന് തന്നെ അവസാനവട്ട ചർച്ച നടത്താനും ഇടതുമുന്നണി യോഗം ചേരാനും നിർദേശിച്ചത്. വൈകിട്ട് 4 മണിക്കാണ് ഇടതുമുന്നണി യോഗം ചേരുന്നത് . അതിന് മുൻപ് പ്രശ്നം പരിഹരിക്കാനായി സിപിഐയുമായും ജോസ് കെ മാണിയുമായും ചർച്ച നടത്തും. ഇരിക്കൂർ ഉൾപ്പെടെ മൂന്ന് സീറ്റ് ഉപേക്ഷിക്കുന്ന സിപിഐ 24 സീറ്റിലാകും മത്സരിക്കുക. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി എന്ന വാശിയിൽ നിൽക്കുന്ന സിപിഐക്ക് പൂഞ്ഞാർ നൽകി പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണ് നടക്കുന്നത്.