സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാളില്‍ പ്രചാരണം ഊര്‍ജിതമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ജീവന്മരണ പോരാട്ടത്തിന് തയാറെടുക്കാന്‍ ആണ് തൃണമൂല്‍ നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഞായറാഴ്ച നടക്കുന്ന ബ്രിഗേഡ് റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് കാണാനായി റോഡിന്റെ ഇരുവശങ്ങളും തൃണമൂലിന്റെ കൊടികളും പോസ്റ്ററുകളും കൊണ്ട് നിറയ്ക്കാന്‍ മമത കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്കിടയിലും പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുള്ള ഐഎസ്എഫ് ഇത്തവണ മത്സര രംഗത്തുള്ള സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തനാണ് മമത പ്രാദേശിക നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ 50 ശതമാനത്തില്‍ അധികമുള്ള 68 മണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ട്. യുണൈറ്റഡ് ഫ്രണ്ടിലെ ഇടതു പാര്‍ട്ടികളുടെ ആദ്യ രണ്ടു ഘട്ടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി മമത മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെ ചില സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ മുന്നണിക്കകത്ത് ഇതുവരെയും ധാരണ ആയിട്ടില്ല. ഐഎസ്എഫിന്റെ സ്ഥാനാര്‍ത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന സിഇസിയുടെ അംഗീകാരം ലഭിച്ച ശേഷമാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.