ആലപ്പുഴയില്‍ തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി.സുധാകരനും സീറ്റ് നിഷേധിച്ചതില്‍ ആലപ്പുഴയിലെ പാര്‍ട്ടിയിലെ അണികള്‍ക്കുള്ളില്‍ അമര്‍ഷം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം തിരിച്ചടികള്‍ക്ക് കാരണമാകുമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്.

യുഡിഎഫ് സ്വാധീനമുള്ളതും എന്നാല്‍ ഇടത് മുന്നണി തുടര്‍ച്ചയായി വിജയിക്കുകയും ചെയ്തിരുന്ന ജില്ലയിലെ രണ്ട് മണ്ഡലങ്ങളാണ് അമ്പലപ്പുഴയും ആലപ്പുഴയും. ഇവിടങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന ടി.എം. തോമസ് ഐസക്കിനും ജി.സുധാകരനും സീറ്റ് നിഷേധിച്ചത് ഈ മണ്ഡലങ്ങള്‍ക്ക് പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ പോലും ഉന്നയിക്കുന്ന ആക്ഷേപം.

സംസ്ഥാന സര്‍ക്കാര്‍ ഭരണ മികവെന്ന് ഉയര്‍ത്തി കാട്ടിയ പദ്ധതികളില്‍ 90 ശതമാനവും വിദ്യാഭ്യാസം, കൃഷി, പൊതുമരാമത്ത് വകുപ്പ് കിഫ്ബിയിലൂടെ ധനവകുപ്പ് നടപ്പാക്കിയ പദ്ധതികള്‍ എന്നിവയായിരുന്നു. എന്നിട്ടും ഈ നാലു വകുപ്പിലേയും മന്ത്രിമാരെ ഒഴിവാക്കി തുടര്‍ ഭരണം ലക്ഷ്യം വെച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പിനിറങ്ങുന്നത് തിരിച്ചടിക്ക്
കാരണമായേക്കും എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്ക.

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം കോണ്‍ഗ്രസ് ക്യാമ്പിനുള്ളില്‍ പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ്. പരാജയ ഭീതിയോടെ യുഡിഎഫ് നോക്കിയിരുന്ന മണ്ഡലങ്ങള്‍ പലതും ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡങ്ങളില്‍ പോലും മാറ്റം വരുത്താനാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്.