ചെങ്ങന്നൂര്‍: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവ് ആര്‍.ബാലശങ്കറിനെ പിന്തുണക്കണമെന്ന് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വക്താവ് പറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസിന്റേതാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി ദേശീയ ട്രെയിനിങ്ങ് പോഗ്രാമിന്റെ കോ കണ്‍വീനര്‍ കൂടിയായ ബാലശങ്കറിന്റെ ഇടപെടല്‍ ആയിരം വര്‍ഷം പഴക്കമുള്ള ആലപ്പുഴ ചെപ്പാടിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പളളിയെ സംരക്ഷിച്ചുവെന്നും അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ ബാലശങ്കര്‍ വിജയിച്ചില്ലെങ്കില്‍ അത് നന്ദികേടാകുമെന്ന് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കോണാട്ട് പറഞ്ഞുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ തലവന്‍ ബസേലിയസ് മാര്‍ത്തോമ പൗലോസ് 11 ബാലശങ്കര്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതായും ഫാ. കോണാട്ട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

‘ ബാലശങ്കര്‍ വിജയിച്ചില്ലെങ്കില്‍ അത് നന്ദികേടാകും. ചെപ്പാട് പള്ളിയുടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടിരുന്നു. അതിന്റെ ഫലമായി ആര്‍ക്കിയോളജി വിഭാഗത്തിന്റെ കീഴില്‍ ചെപ്പാട് പള്ളിയുടെ വിഷയം എത്തുകയായിരുന്നു. അതുകൊണ്ടാണ് പള്ളി പൊളിക്കുന്ന തീരുമാനം മരവിപ്പിക്കാന്‍ സാധിച്ചത്. വിഷയത്തില്‍ ബാലശങ്കറിന്റെ സധൈര്യമായ ഇടപെടലാണ് പള്ളിയെ രക്ഷിച്ചത്,’ ഫാ.കോണാട്ട് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

‘ഓര്‍ത്തഡോക്‌സ് സഭക്ക് നിര്‍ണായക സ്വാധീനമുള്ള ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ബാലശങ്കര്‍. എല്‍.ഡി.എഫും, യു.ഡി.എഫും പള്ളിയുടെ വിഷയത്തില്‍ ഇടപെടാതെ നിന്നപ്പോള്‍ അദ്ദേഹമാണ് നമ്മളെ രക്ഷിച്ചത്,- റിപ്പോര്‍ട്ടിലുണ്ട്.

ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ ബാലശങ്കര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 1050.എഡിയിലാണ് ചെപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി നിര്‍മ്മിച്ചത്.

ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി നാഷണല്‍ ഹൈവേ അതോറിറ്റി തയ്യാറാക്കിയ പദ്ധതി പ്രകാരം ചെപ്പാട് പള്ളി പൊളിച്ചുമാറ്റേണ്ടതായുണ്ടായിരുന്നു. ബാലശങ്കര്‍ വിഷയത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ച്‌ പരിഹാരമുണ്ടാക്കി എന്നാണ് ചര്‍ച്ച്‌ പറയുന്നത്.