മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിന് നോട്ടീസും നല്‍കി.

സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം കേസ് ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുന്നത് വരെ ശിവശങ്കര്‍ ജാമ്യത്തില്‍ തന്നെ തുടരും. എന്നാല്‍ സ്വര്‍ണ്ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. തനിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സാധിച്ചിട്ടില്ലെന്നും ശിവശങ്കര്‍ സുപ്രീംകോടതിയിലും ആവര്‍ത്തിച്ചു.
ജനുവരി 25ന് ആരോഗ്യ പ്രശ്‌നങ്ങളടക്കം പരിഗണിച്ച്‌ ഹൈക്കോടതി ജാമ്യം നല്‍കി. കസ്റ്റംസ് കേസില്‍ കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റിന് സുപ്രീംകോടതിയെ സമീപിച്ചത്. രാഷ്ട്രീയരംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.