ചേര്‍പ്പ്: മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്‍ കഥകളി അരങ്ങേറ്റത്തിനൊരുങ്ങുന്നു. പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായാണ് ഗിരിജയുടെ അരങ്ങേറ്റം. മാര്‍ച്ച്‌ ഒമ്ബതിനു വൈകിട്ട് 7 നാണ് അരങ്ങേറ്റം.

രണ്ടു വര്‍ഷമായി കലാനിലയം ഗോപിയുടെ കീഴില്‍ കഥകളി അഭ്യസിച്ചു വരികയായിരുന്നു ഗിരിജ. ഊരകം സര്‍ഗശ്രീലകത്തില്‍ കഥകളി പഠനം തുടങ്ങിയ ഗിരിജ മാധവന്‍ കോവിഡ് കാലത്ത് 6 മാസം ഓണ്‍ലൈനായാണു കഥകളി അഭ്യസിച്ചത്. കഥകളി പഠനം തുടരണമെന്നും പുരുഷ വേഷം കെട്ടണമെന്നാണ് ആഗ്രഹമെന്നും ഗിരിജ പറയുന്നു.

വര്‍ഷങ്ങളായി സ്മിത അജിത്ത് എന്ന അധ്യാപികയുടെ കീഴില്‍ മോഹിനിയാട്ടവും ഇവര്‍ പഠിക്കുന്നുണ്ട്. സുഹൃത്തും പെരുവനം സ്വദേശിനിയുമായ ശൈലജ കുമാറിനൊപ്പമാണു കഥകളി പഠിക്കുന്നത്. ഒരുമിച്ചു തന്നെയാണ് ഇവര്‍ അരങ്ങേറ്റം നടത്തുന്നതും.