താന്‍ ഒരിക്കലും മുഖ്യമന്ത്രി പദവി ആഗ്രഹിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് മെട്രോമാന്‍ ഇ.ശ്രീധരന്‍. തന്നെ മുന്നില്‍ നിര്‍ത്തിയായിരിക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം എന്ന് മാത്രമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അര്‍ഥമാക്കിയതെന്നും മറ്റുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും ശ്രീധരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇ.ശ്രീധരന്റെ പ്രതികരണം.

“ബിജെപി എന്നെ മുന്നില്‍ നിര്‍ത്തിക്കും എന്ന് മാത്രമാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. കേന്ദ്ര നേതൃത്വമാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. എനിക്ക് അതിനെകുറിച്ച്‌ അറിയില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച്‌ വാങ്ങിയിട്ടില്ല. കേന്ദ്രമാണ് അന്തിമ തീരുമാനത്തിലെത്തേണ്ടത്. ഒരു പദവിയും ആഗ്രഹിച്ചിട്ടല്ല ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി അത്തരമാരു നിര്‍ദേശം വെച്ചാല്‍ ശരിവെക്കും.”കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വം വിഷയത്തില്‍ അതൃപ്തി അറിയിച്ചതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന് സുരേന്ദ്രന്‍ വിശദീകരണം നല്‍കി.

ഇ.ശ്രീധരന്‍ മുഖ്യമന്ത്രി സ്​ഥാനാര്‍ഥിയാണെന്ന്​ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മുന്നില്‍ നിന്ന്​ നയിക്കണമെന്ന്​ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

“അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കു”വെന്നും സുരേന്ദ്രന്‍ പറഞ്ഞു.ഇ ശ്രീധരന്‍ കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും എന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം ഈ വാദം തിരുത്തുകയും ചെയ്തിരുന്നു.

ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു എന്നാണ് വി മുരളീധരന്‍ വ്യാഴാഴ്ച വൈകിട്ട് പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വി മുരളീധരന്‍ ഈ പ്രസ്താവന തിരുത്തുകയും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുകയും ചെയ്തു. “മാധ്യമ വാര്‍ത്തകളിലൂടെയാണ് പാര്‍ട്ടി അത്തരമൊരു പ്രഖ്യാപനം നടത്തിയതായി താന്‍ അറിഞ്ഞത്. പിന്നീട് പാര്‍ട്ടിയുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്,” എന്നായിരുന്നു മുരളീധരന്റെ തിരുത്ത്.