യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത്/ഡോളര്‍ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്ബത്തിക കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചത്.കോണ്‍സല്‍ ജനറലുമായി നേരിട്ടുള്ള സാമ്ബത്തിക ഇടപാട് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഉണ്ടായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയിരുന്നുവെന്നും അഫിഡവിറ്റില്‍ പറയുന്നു. സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.

2020 നവംബര്‍ 30ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വപ്ന നല്‍കിയ മൊഴിയില്‍ ഇടപാടുകളില്‍ വമ്ബന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്നും സ്വപ്നക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. സ്വപ്നക്ക് മതിയായ സുരക്ഷ ജയിലില്‍ ഉണ്ടെന്നും ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് ജയില്‍ ഡിജിപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കസ്റ്റംസ് കമ്മീഷണറുടെ വിശദീകരണം.

യുഎഇ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് അല്‍സാബിയുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇടപാടുകളെക്കുറിച്ച്‌ തനിക്കറിയാമെന്നുമാണ് സ്വപ്ന കോടതിയില്‍ പറഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിയുമായും സ്പീക്കറുമായും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും മറ്റൊരു പേഴ്സണല്‍ സ്റ്റാഫംഗവുമായും സ്വപ്നക്ക് അടുത്ത ബന്ധമുണ്ട്. ഡോളര്‍ കടത്ത് മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നിര്‍ദേശ പ്രകാരം കോണ്‍സുലേറ്റിന്റെ സഹായത്തോടെയാണ് നടന്നതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്നു മന്ത്രിമാരുടേയും സ്പീക്കറുടേയും നിയമവിരുദ്ധമായ പ്രവര്‍ത്തനത്തനങ്ങളെെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതരുടെ പങ്കിനെയും കോഴ കൈമാറ്റത്തെക്കുറിച്ചും സ്വപ്നക്കറിയാം.

എല്ലാ ഇടപാടുകള്‍ക്കും താന്‍ സാക്ഷിയായിരുന്നെന്നും അറബി ഭാഷ നന്നായി കൈകാര്യം ചെയ്യുമെന്നതിനാല്‍ ഉന്നതര്‍ക്കും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ ദ്വിഭാഷിയാവാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിലെയും കോണ്‍സുലേറ്റിലേയും ഉന്നതര്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കണ്ണിയായി പ്രവര്‍ത്തിച്ചെന്നും സ്വപ്ന വെളിപ്പെടുത്തിയതായും കമ്മീഷണര്‍ അറിയിച്ചു.