ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ പുകഴ്ത്തി മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ. നാലാം ടെസ്റ്റ് മത്സരത്തിൽ സിറാജിൻ്റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് സ്വാൻ പറഞ്ഞു. ഗ്രൗണ്ടിലെ ഈർപ്പം സിറാജ് മുതലാക്കിയെന്നും സ്വാൻ പറഞ്ഞു. മത്സരത്തിനു ശേഷം സ്റ്റാർ സ്പോർട്സിൽ നടന്ന പരിപാടിക്കിടെയായിരുന്നു സ്വാൻ്റെ അഭിപ്രായ പ്രകടനം.

“ഇംഗ്ലണ്ട് ടോസ് വിജയിച്ചപ്പോഴേ, ഗ്രൗണ്ടിൽ ഈർപ്പമുള്ളതു കൊണ്ട് പിച്ചിൽ നിന്ന് ഗുണം ലഭിക്കുമെന്ന് ഞാൻ കണക്കുകൂട്ടി. പക്ഷേ, സിറാജ് അത് അത്ര മുതലാക്കുമെന്ന് ഞാൻ കരുതിയില്ല. മുതിർന്ന ബൗളറായ ഇശാന്ത് ശർമ്മ മികച്ച പ്രകടനം നടത്തുമെന്ന് ഞാൻ കരുതി. പക്ഷേ, സിറാജ് വളരെ മികച്ച പ്രകടനം നടത്തി. മികച്ച വേഗതയിൽ സിറാജ് പന്തെറിഞ്ഞു. ഔട്ട്സ്വിങറുകൾക്കു ശേഷം ഇൻസ്വിങർ കൊണ്ട് റൂട്ടിനെ കീഴടക്കിയത് ഗംഭീരമായിരുന്നു. ജോണി ബെയർസ്റ്റോയുടെ വിക്കറ്റെടുത്ത പന്തും മികച്ചതായിരുന്നു. ആ പന്തിന് മുൻപത്തെ പന്തിനെക്കാൾ 10 കിലോമീറ്റർ വേഗത അധികമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. വേഗതയ്ക്ക് മുൻപിലാണ് ബെയർസ്റ്റോ കീഴടങ്ങിയത്.”- സ്വാൻ പറഞ്ഞു.

ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 205 റൺസിനു പുറത്തായിരുന്നു. ബെൻ സ്റ്റോക്സ് (55), ഡാനിയൽ ലോറൻസ് (46) എന്നീ താരങ്ങൾക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് നിരയിൽ ആകെ അഞ്ച് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യക്കായി അക്സർ പട്ടേൽ 4 വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും വീഴ്ത്തി. ബാക്കിയുള്ള ഒരു വിക്കറ്റ് വാഷിംഗ്ടൺ സുന്ദർ സ്വന്തമാക്കി.