ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ഇന്നും തുടരും. പാര്‍ലമെന്ററി സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനം സ്വീകരിക്കും. ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷമായിരിക്കും കേരളത്തിന്റെ പട്ടിക പ്രഖ്യാപിക്കുക.

ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളാണ് ഇന്നലെ രാത്രി വൈകിയും ബിജെപി ആസ്ഥാനത്ത് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരടക്കം പങ്കെടുത്തു. ബംഗാളിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയാറായി. ബംഗാളി ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി നന്ദിഗ്രാമില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാളി ചലച്ചിത്രമേഖലയില്‍ ഉള്ള പലരും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഉണ്ട്.

അസമിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഭൂരിഭാഗ സ്ഥലങ്ങളിലും സമവായത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നിലധികം പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പട്ടിക പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു മുമ്പാകെ ചര്‍ച്ചയ്ക്ക് വരും. മാര്‍ച്ച് ഏഴിന് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.